
ദില്ലി: ഹരിയാനയിലെ കർണാലില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഹർസിംഗ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ച് വയസ്സുകാരിയാണ് 16 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങിക്കിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് ശിവാനി കുഴല്‍ക്കിണറില്‍ വീണത്. 50 അടിയോളെം താഴ്ചയില്‍ വീണ കുട്ടിയെ ഇന്ന് രാവിലെ 9.30 ഓടെയാണ് പുറത്തെടുത്തത്. ഉടന്‍ കര്‍ണാലിലെ സിവില്‍ ആശുപത്രിയിലെത്തച്ചെങ്കിലും രക്ഷിക്കാനായില്ല.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതാകുന്നത്. കുടുംബം കുട്ടിയെ തിരയുന്നതിനിടയില്‍ അവര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലുള്ളവര്‍ ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. ദേശീയ ദുരന്ത പ്രതിരോധ സേനയും സ്ഥലത്തെത്തി.
പെണ്‍കുട്ടിയക്ക് കുഴല്‍ക്കിണറിനുള്ളില്‍ ഓക്ജിന്‍ നല്‍കിയിരുന്നു. കുട്ടിയുടെ ചലനങ്ങള്‍ ക്യമാറ വച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. കുഴല്‍ക്കിണര്‍ തുറന്നുവച്ചതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബത്തെ എംഎല്‍എ ഹര്‍വിന്ദര്‍ കല്യാണ്‍ വിമര്‍ശിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ട് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ചത്. അഞ്ച് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മരിച്ച നിലയിലാണ് കുട്ടിയെ പുറത്തെടുത്തത്. 85 അടിത്താഴ്ചയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam