അടിയന്തര സഹായമായി നൽകിയത് 5000 രൂപ; നിരസിച്ച് ഉത്തരകാശിയിലെ ജനങ്ങൾ, എല്ലാം നഷ്ടമായവർക്ക് ഈ തുക കൊണ്ടെന്ത് കാര്യമെന്ന് ചോദ്യം

Published : Aug 10, 2025, 10:59 AM IST
uttarakhand

Synopsis

5000 രൂപയുടെ ധനസഹായം പര്യാപ്തമല്ലെന്ന് പരാതി. സർക്കാർ തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാട്ടുകയാണെന്ന് ഗ്രാമീണർ.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം നാശം വിതച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന് പരാതി. 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. എല്ലാം നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ച് ഈ തുക പര്യാപ്തമല്ലെന്നാണ് പരാതി.

അടിയന്തര സഹായം എന്ന് പറഞ്ഞാണ് 5000 രൂപയുടെ ചെക്ക് ധരാലിയിലും ഹർഷിലിലുമുള്ള ദുരിത ബാധിത കുടുംബങ്ങൾക്ക് നൽകിയത്. എന്നാൽ ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സർക്കാർ തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാട്ടുകയാണെന്ന് ഗ്രാമീണർ പറയുന്നു. അതേമയം ഉത്തരകാശി ജില്ലാ കളക്ടർ പ്രശാന്ത് ആര്യ ന്യായീകരണവുമായി രംഗത്തെത്തി. 5000 രൂപ ഇടക്കാല ആശ്വാസം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ നഷ്ടവും വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകൾ പൂർണമായി തകർന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചത്. റവന്യൂ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ പുനരധിവാസ, ഉപജീവന പുനരുജ്ജീവന പദ്ധതി തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതിനിടെ രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഒഴിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേന ഡോഗ് സ്ക്വാഡിന്റെയും തെർമൽ ഇമേജിംഗ് ഉപകരണങ്ങളുടെയും സഹായത്തോടെ ധരാലി ബസാറിലെ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് തെരച്ചിൽ നടത്തി. ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഇവിടെയുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, കടകൾ എന്നിവ പൂർണമായും തകർന്നിരുന്നു.

കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷിക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അത് ഏകദേശം പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി, മൊബൈൽ ശൃംഖലകൾ, റോഡ് ഗതാഗതം എന്നിവ പുനഃസ്ഥാപിച്ചുവരികയാണ്. കമ്മ്യൂണിറ്റി അടുക്കളകൾ വഴി അതിജീവിച്ചവർക്ക് ഭക്ഷണവും വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. രണ്ട് മൃതദേഹം കണ്ടെത്തി. 49 പേരെ കാണാതായി. ധരാലിയിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ നിന്ന് ഇതുവരെ ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു. വീടുകൾ, കൃഷിയിടങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവയുടെ നാശനഷ്ടങ്ങൾ വിലയിരുത്തി കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് കലക്ടർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'