
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. മിന്നൽ പ്രളയത്തിൽ നാല് പ്രദേശവാസികൾ മരണപ്പെടുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ 5 -ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോവുകയായിരുന്നു. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഐ ടി ബി പി, എസ് ഡി ആർ എഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ് - ബയാചിംഗ് റോഡ് നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലാണ് നാല് സാധാരണക്കാർ മരിച്ചത്. താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരണപ്പെട്ടത്. ഇതിൽ ബാബുൽ അലിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവർക്കായി നാച്ചോ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും തെരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam