
ഗുവാഹത്തി: വടക്കു കിഴക്കൻ ഇന്ത്യയിൽ മെയ് പതിനാലുമുതൽ തകർത്തു പെയ്യുന്ന മഴ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ഏറ്റവും രൂക്ഷമായ പ്രളയക്കെടുതികൾ നേരിടുന്ന അസമിൽ മാത്രം മുങ്ങിമരിച്ചത് ഒമ്പതു പേരാണ്. 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേർ നിലവിൽ പ്രളയബാധിതരാണ്. മഴയിൽ വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും അതിവർഷം തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ മേഘാലയയിലെ ഗാരോ ഹിൽസിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസ്സുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി. വെസ്റ്റ് ഗാരോ ഹിൽസിലെ ഗാംബെഗ്രെ ബ്ലോക്ക് ഏരിയയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അഞ്ചംഗ കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. കുടുംബത്തിലെ ഗൃഹനാഥനും ഒരു മകനും മാത്രം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗത്ത് വെസ്റ്റ് ഗാരോ ഹിൽസിലെ ബെറ്റാസിംഗ് മേഖലയിൽ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയുടെ മരണപ്പെട്ടു. ഗാരോ ഹിൽസിൽ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം. ജൂൺ 12 വരെ അസമിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam