ഉത്തരേന്ത്യയിൽ പ്രളയക്കെടുതി തുടരുന്നു; മരണം 153, ബിഹാറിൽ മാത്രം പ്രളയബാധിതർ 16 ലക്ഷം

By Web TeamFirst Published Oct 1, 2019, 9:18 AM IST
Highlights

അടുത്ത 24  മണിക്കൂർ കൂടി ബിഹാറിലെ നാല് ജില്ലകളിൽ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ദില്ലി: ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയിൽ മരണം 153 ആയി. ബിഹാറിലെ 18 ജില്ലകളിലായി പതിനാറ് ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. നാൽപ്പത് മേർ ബിഹാറിൽ മാത്രം മരിച്ചു. ആറ് ജില്ലകളിൽ അടുത്ത 24 മണിക്കൂർ കൂടി മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുപിയിലും, ബിഹാറിലെ ചില ജില്ലകളിലും കഴിഞ്ഞ നാല് ദിവസമായി പെയ്തത്. ദുരന്തനിവാരണസേനയിലെ 50 സംഘങ്ങൾ ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജാർഘണ്ടിലും ശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഉത്തരാഘണ്ടിലും മഴക്കെടുതികളിൽ പതിമൂന്ന് പേർ മരിച്ചു. 

ബിഹാർ സംസ്ഥാനത്താകെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാ‍ർ ഹെലികോപ്റ്ററിൽ സന്ദർശിച്ചു. ഉപമുഖ്യമന്ത്രി സുശീൽ മോദിയുടെ വസതിയിലും വെള്ളം കയറി. ദുരന്തനിവാരണ സേന എത്തിയാണ് സുശീൽ മോദിയെയും കുടുംബത്തെയും രക്ഷിച്ചത്. ഉത്തർപ്രദേശിലെ ബലിയ ജില്ലാ ജയിലിൽ വെള്ളം കയറിയതിനെ തുട‍ർന്ന് 500 തടവുകാരെ മാറ്റി പാർപ്പിച്ചു. 

click me!