
ദില്ലി: ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും മൂന്ന് മാസം കൂടി ഭക്ഷ്യധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തിലെ കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ധാന്യം നല്‍കണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാന മാര്‍ഗം നഷ്ടപ്പെട്ടെന്നും ഈ വിഭാഗത്തിന് കൂടെ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്ന് മാസമാണ് കര്‍ശന ലോക്ക്ഡൗണ്‍ നീണ്ടത്. പലരും ദാരിദ്ര്യത്തിലേക്ക് വഴുതിവീണു. വരുമാന മാര്‍ഗം നഷ്ടപ്പെടുന്നത് ഗുരുതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. ഈ സാഹചര്യമൊഴിക്കാന്‍ ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ കൂടി ഭക്ഷ്യധാന്യം നല്‍കുന്നത് കേന്ദ്രം പരിഗണിക്കണമെന്നും സോണിയാഗാന്ധി എഴുതി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് അടുത്ത രണ്ട് മാസം കൂടെ ഭക്ഷ്യധാന്യം നല്‍കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മെയില്‍ പറഞ്ഞിരുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ ധാന്യവും ഒരു കിലോ പയറും സാധാരണ പോലെ തന്നെ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
പാവപ്പെട്ട ലക്ഷക്കണക്കിന് പേര്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്താണെന്നും അവര്‍ക്കെല്ലാം താല്‍ക്കാലിക റേഷന്‍ കാര്‍ഡ് ഉടന്‍ വിതരണം ചെയ്യണമെന്നും സോണിയാഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 30നാണ് അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam