1971ന് ശേഷം ആദ്യം, തീയണയ്ക്കുന്ന സേന, വ്യോമാക്രമണത്തിൽ നിന്ന് രക്ഷ നേടുന്ന വിദ്യാര്‍ത്ഥികൾ, മോക്ഡ്രിൽ ഒരുക്കം

Published : May 06, 2025, 05:31 PM IST
1971ന് ശേഷം ആദ്യം, തീയണയ്ക്കുന്ന സേന, വ്യോമാക്രമണത്തിൽ നിന്ന് രക്ഷ നേടുന്ന വിദ്യാര്‍ത്ഥികൾ, മോക്ഡ്രിൽ ഒരുക്കം

Synopsis

പ്രധാനമന്ത്രി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നൽകിയതോടെയാണ് പുതിയ സാഹചര്യം ഉരുത്തിരിഞ്ഞത്.

ദില്ലി: സൈനിക ആക്രമണമോ ഭീകരാക്രമണമോ ഉണ്ടായാൽ ഫലപ്രദമായി പൊതുജനങ്ങൾ പ്രതികരിക്കുന്നത് ഉറപ്പാക്കാനുള്ള മോക് ഡ്രിൽ ബുധനാഴ്ച നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മൂന്നൂറോളം കേന്ദ്രങ്ങളിലാകും സൈറൺ മുഴക്കി മോക്ഡ്രിൽ നടത്തുക. അതീവ ജാഗ്രത ആവശ്യമായ സ്ഥലങ്ങൾ, ആണവനിലയങ്ങൾ, സൈനിക താവളങ്ങൾ, ശുദ്ധീകരണ ശാലകൾ, ജല വൈദ്യുത അണക്കെട്ടുകൾ എന്നീ സുപ്രധാന കേന്ദ്രങ്ങളിലാകും മോക് ഡ്രിൽ നടക്കുന്നത്. 

1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി ഇന്ത്യയിൽ നടപ്പിലാക്കുന്നത്. ഈ നടപടിക്ക് അർദ്ധസൈനിക വിഭാഗങ്ങളും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തിൽ പങ്കാളിയാക്കും. പഹൽഗാമിനെ ചൊല്ലി പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകൾക്കിടെയാണ് സിവിൽ പ്രതിരോധ നടപടികൾക്ക് ആഭ്യന്തര മന്ത്രാലയം തീരുമാനം എടുത്തിരിക്കുന്നത്.

ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. കൂടുതലും സാധാരണക്കാരായിരുന്നു. ആക്രമണം നടത്തിയത് പാക് പിന്തുണയോടെ ആണെന്നും ഭീകരവാദികൾക്ക് പാക്കിസ്ഥാൻ സഹായം നൽകിയെന്നും ഇന്ത്യ തെളിവുസഹിതം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തിരിച്ചടിക്കാൻ പ്രധാനമന്ത്രി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നൽകിയതോടെയാണ് പുതിയ സാഹചര്യം ഉരുത്തിരിഞ്ഞത്.

നിലവിൽ മോക് ഡ്രില്ലിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുകയാണ്. ജമ്മു കശ്മീരിലെ സ്കൂളുകളിൽ കുട്ടികൾക്ക് മോക്ഡ്രില്ലിന് മുമ്പായി പ്രത്യേക പരിശീലനം നൽകി. അധ്യാപകര്‍ നിര്‍ദേശം നൽകിയപ്പോൾ കുട്ടികൾ ബെഞ്ചിനടിയിലേക്ക് മാറുന്നു. ഇങ്ങനെ സകല മേഖലയിലും തയ്യാറെടുപ്പുകൾ നടക്കുകയാണ്.  മണിപ്പൂരിലും സമാനമായി മോക്ഡ്രിൽ മുന്നൊരുക്കങ്ങൾ നടക്കുകയാണ്. യുപിയിൽ വിവിധയിടങ്ങളിൽ മോക്ഡ്രിൽ നടത്തുമ്പോൾ അപകട സാധ്യതയുള്ള പ്രദേശങ്ങളിലും ഒരുക്കങ്ങൾ നടക്കുകയാണ്.  

കേരളത്തിലും ഒരുക്കങ്ങൾ തുടരുകയാണ്. ആകാശ മാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൺ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കൽ, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രിൽ തുടങ്ങി പത്തോളം നിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം നടക്കുക. സംസ്ഥാന പൊലീസ് മേധാവി, ഫയർ ഫോഴ്‌സ് മേധാവി, റവന്യൂ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്രം നിർദ്ദേശിച്ച പ്രകാരമുള്ള മുന്നൊരുക്കങ്ങളും നടപടികളും ഈ യോഗം വിശദമായി ചർച്ച ചെയ്യും. ജനസംഖ്യയും കേന്ദ്രം നൽകിയ മാനദണ്ഡവും പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം. പഹൽഗാം ആക്രമണത്തിനു ശേഷം നിരന്തരം ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി പാകിസ്ഥാൻ മുഴക്കുന്ന സാഹചര്യം ഇന്നലെ യുഎൻ രക്ഷാ സമിതിയിൽ വിമർശിക്കപ്പെട്ടിരുന്നു. പഹൽഗാമിനെ കശ്മീർ തർക്കവുമായി ബന്ധിപ്പിക്കാനുള്ള പാകിസ്ഥാൻറെ നീക്കവും രക്ഷാസമിതിയിൽ പൊളിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്