യാത്രക്കാരന്‍റെ നീക്കത്തിൽ സംശയം തോന്നിയ ആർപിഎഫ് ചോദ്യംചെയ്തു; ബാഗിൽ രണ്ടര കോടിയുടെ വിദേശ കറൻസി, അറസ്റ്റിലായി

Published : Feb 24, 2025, 11:56 AM IST
യാത്രക്കാരന്‍റെ നീക്കത്തിൽ സംശയം തോന്നിയ ആർപിഎഫ് ചോദ്യംചെയ്തു; ബാഗിൽ രണ്ടര കോടിയുടെ വിദേശ കറൻസി, അറസ്റ്റിലായി

Synopsis

കൊൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ രണ്ടര കോടി രൂപയുടെ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ

കൊൽക്കത്ത: രണ്ടര കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി യാത്രക്കാരൻ കൊൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ആർപിഎഫാണ് പിടികൂടിയത്. യുപി സ്വദേശിയായ 50 വയസ്സുകാരൻ ഹേമന്ദ് കുമാർ പാണ്ഡേയാണ് പിടിയിലായത്. പണത്തിന്‍റെ ഉറവിടം ഹാജരാക്കാൻ യാത്രക്കാരന് കഴിഞ്ഞില്ല. പിടിച്ചെടുത്ത വിദേശ കറൻസികളിൽ യുഎസ് ഡോളറും സൗദി റിയാലും സിംഗപ്പൂർ ഡോളറും ഉൾപ്പെടുന്നു.

ഉച്ചയ്ക്ക് 1.35ന് ഹൗറയിൽ എത്തുന്ന പട്‌ന-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആർപിഎഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ബാഗും തൂക്കി പ്ലാറ്റ്ഫോം 8-ലേക്ക് നടന്നു നീങ്ങിയ ഹേമന്ത് കുമാർ പാണ്ഡെയെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബാഗ് പരിശോധിച്ചപ്പോൾ 2.89 ലക്ഷം യുഎസ് ഡോളറും 52,500 സൗദി റിയാലും 600 സിംഗപ്പൂർ ഡോളറും കണ്ടെടുത്തു. കണ്ടെടുത്ത വിദേശ കറൻസിയുടെ ആകെ മൂല്യം 2.60 കോടി രൂപയാണ്. വിദേശ കറൻസിയുടെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ ഹേമന്ത് പാണ്ഡെയ്ക്ക് രേഖകളൊന്നും നൽകാൻ കഴിഞ്ഞില്ല. ചോദ്യംചെയ്യലിനിടെ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഗൊരഖ്പൂരിൽ നിന്ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലേക്ക് പണം കടത്തുകയായിരുന്നുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

എഎസ്ഐ അജയ് തൂരി, കോണ്‍സ്റ്റബിൾ സുപ്രിയോ ജാഷ്, ആർപിഎഫ് ഹൗറ പോസ്റ്റിലെ ഡി മണ്ഡലും അടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ നടത്തിയത്. സംഭവം ഉടൻ തന്നെ കൊൽക്കത്തയിലെ കസ്റ്റം ഹൗസിലും ഹൗറ ഗവൺമെന്‍റ് റെയിൽവേ പൊലീസിലും കൂടുതൽ നിയമ നടപടികൾക്കായി റിപ്പോർട്ട് ചെയ്തതായി ആർപിഎഫ് അറിയിച്ചു. പിടികൂടിയ വിദേശ കറൻസിയും കസ്റ്റംസ് ഇൻസ്പെക്ടർക്ക് കൂടുതൽ അന്വേഷണത്തിനായി കൈമാറി.

തീരത്തൊരു അത്ഭുതക്കാഴ്ച! മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

 

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'