
റാഞ്ചി: ജാർഖണ്ഡിൽ വൻ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ച തീരുമാനത്തിനൊടുവിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായ് സോറൻ ഇന്ന് ബി ജെ പിയിൽ ചേരും. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചമ്പായ് സോറൻ പാർട്ടി അംഗത്വം എടുക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുയി ചമ്പായ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നാണ് സോറൻ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്. സോറന്‍റെ വരവ് ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണ് ചമ്പായ് സോറൻ മുഖ്യമന്ത്രിയായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. എന്നാൽ ഹേമന്ദ് സോറൻ ജയിൽ മോചിതനായതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ചമ്പായ് സോറൻ പാർട്ടി വിടാൻ തീരുമാനിച്ചത്.
ചമ്പായ് സോറൻ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഹേമന്ത് സോറന്‍റെ ഭാര്യ കൽപ്പന സോറനാണ് പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഇക്കാര്യത്തിൽ ചമ്പായ് സോറൻ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. അന്ന് ചമ്പായ് സോറനെയും കുറച്ച് എംഎൽഎമാരെയും ബിജെപിയിലെത്തിക്കാൻ ശ്രമം നടന്നിരുന്നു. ജാർഖണ്ഡിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒബിസി വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഗോത്ര വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നില്ല. ഈ വിഭാഗത്തിൽ നിന്നും ഒരാൾ പാർട്ടിയിലെത്തുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam