
ദില്ലി: ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അധ്യക്ഷന്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ തെരഞ്ഞെടുത്തതായി സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാശകന്‍ മുകുള്‍ റോത്തഗി എന്നിവരടങ്ങിയ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പി.സി.ഘോഷിനെ ലോക്പാല്‍ അധ്യക്ഷന്‍ ആയി തീരുമാനിച്ചത്.
വിജ്ഞാപനം പുറത്തുവന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന സംവിധാനമാണ് ലോക്പാല്‍. ഇതിനായി നിയോഗിക്കപ്പെടുന്ന സമിതിയില്‍ അധ്യക്ഷന് പുറമേ എട്ട് അംഗങ്ങള്‍ കൂടി ഉണ്ടാകും. സമിതിയംഗങ്ങള്‍ ആരൊക്കെ എന്ന കാര്യത്തിലും അടുത്ത ആഴ്ച്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 2017 മെയ് മാസത്തിലാണ് പി.സി.ഘോഷ് സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. 1976ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകജീവിതം ആരംഭിച്ച പി.സി.ഘോഷ് 1999ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലാണ് സുപ്രീംകോടതിയിലെത്തുന്നത്. ജല്ലിക്കെട്ട്, ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പ്രതിയാക്കപ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസ് തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി കേസുകള്‍ പരിഗണിച്ച ബെഞ്ചിന്റെ തലവനായിരുന്നു അദ്ദേഹം. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ് പി.സി.ഘോഷ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam