
കർണൂൽ: മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച കേസിൽ 2 സത്രീകളടക്കം 4 പേർ പിടിയിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് കൊടും ക്രൂരത നടന്നത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ നിന്നും പിന്മാറി യുവാവ് വനിത ഡോക്ടറെ വിവാഹം കഴിച്ചു. ഇതിലുള്ള പകയാണ് യുവതിയും കൂട്ടാളികളും തീർത്തത്. കാമുകനോട് പ്രതികാരം തീക്കാനായി ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് ആൺകുട്ടികൾ എന്നിവരടങ്ങിയ സംഘം സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറായ വനിതാ ഡോക്ടറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെക്കുകയായിരുന്നു.
ജനുവരി 9ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിക്കാനായി തന്റെ സ്കൂട്ടറിൽ വനിത ഡോക്ടർ വീട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ടുപേർ ഡോക്ടറെ മനഃപൂർവം ഇടിച്ചു വീഴ്ത്തി. ഇതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ വസുന്ധരയും ബൈക്കിലെത്തിയവരും സഹായിക്കാനെന്ന വ്യാജേന ഡോക്ടറുടെ അടുത്തേയ്ക്ക് എത്തി. ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്ഐവി പോസറ്റീവായ രക്തം കുത്തിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഡോക്ടറെ ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെട്ടു. എന്നാൽ ഇതിനിടെ ഡോക്ടർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ എഴുതിയെടുത്തിരുന്നു. ഇത് പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വസുന്ധര സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടറാണ് മുൻ കാമുകൻ. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഡോക്ടർ പിന്നീട് മറ്റൊരു വിവാഹം ചെയ്തു. ഇതാണ് വസുന്ധരയെ പ്രകോപിതയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുർണൂൽ സർക്കാർ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെയാണ് എച്ച്ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിൾ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവർ രക്ത സാമ്പിൾ ശേഖരിച്ചത്. പിന്നാലെ അത് വസുന്ധരയുടെ വീട്ടിൽ സൂക്ഷിച്ചു. ഒടുവിൽ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം രണ്ട് ആൺകുട്ടികളുടെ സഹായത്തോടെ വനിതാ ഡോക്ടറെ അപകടത്തിൽപ്പെടുത്തി എച്ച്ഐവി കലർന്ന രക്തം കുത്തിവെക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam