കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ

By Web TeamFirst Published Jul 30, 2020, 4:14 PM IST
Highlights

കോഴിക്കോട് സ്വദേശികളായ ഷഹാദ് മുഹമ്മദ്, അസ്മല്‍, പത്തനം തിട്ട സ്വദേശികളായ അജിന്‍ കെ.ജി വ‍ർഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്

ബെംഗളൂരു: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികൾ പിടിയിലായി.  കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഡാർക് വെബ്ബില്‍ നിന്നും മയക്കു മരുന്നുകൾ വാങ്ങിയശേഷം പബ്ബുകൾ വഴി യുവാക്കൾക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ.

കോഴിക്കോട് സ്വദേശികളായ ഷഹാദ് മുഹമ്മദ്, അസ്മല്‍, പത്തനം തിട്ട സ്വദേശികളായ അജിന്‍ കെ.ജി വ‍ർഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്.  രണ്ട് കിലോഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകൾ, 110 ഗ്രാം എംഡിഎംഎ, 10 എക്സ്ടസി ടാബ്ലെറ്റുകൾ, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റില്‍  1.25 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്നുകളാണ് ഇവയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്‍റി നാർക്കോട്ടിക് വിഭാഗം അറിയിച്ചു. ബെംഗളൂരുവിലെ സോലദേവനഹള്ളിയിലെ യുവാക്കളുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.

യുവാക്കൾ ഇന്‍റർനെറ്റ് ഡാർക് വെബ്ബിലെ സൈറ്റുകൾ വഴിയാണ് മയക്കുമരുന്നുകൾ മൊത്തമായി വാങ്ങി സൂക്ഷിച്ചിരുന്നത്. നഗരത്തിലെ പബ്ബുകൾ വഴി ആവശ്യക്കാരെ കണ്ടെത്തിയാണ് ഇവ വിതരണം ചെയ്തിരുന്നത്. കേരളത്തിലടക്കമുളള ഇവരുടെ സംഘത്തിലെ കണ്ണികൾ വൈകാതെ പിടിയിലാകുമെന്നും കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അറസ്റ്റിലായ നാലുപേരെയും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റ് ചെയ്തു.

click me!