Namaz | ഹിന്ദുയുവാവിന്‍റെ കടമുറിയില്‍ നിസ്കരിച്ച് മുന്‍ എംപിയടക്കമുള്ള മുസ്ലിം വിശ്വാസികള്‍

Published : Nov 20, 2021, 06:03 PM IST
Namaz | ഹിന്ദുയുവാവിന്‍റെ കടമുറിയില്‍ നിസ്കരിച്ച് മുന്‍ എംപിയടക്കമുള്ള മുസ്ലിം വിശ്വാസികള്‍

Synopsis

പൊതുഇടങ്ങളിലെ നിസ്കാരത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് അക്ഷയ് എന്ന യുവാവ് തന്‍റെ ഒഴിഞ്ഞ കടമുറി വെള്ളിയാഴ്ച നിസ്കാരത്തിനായി വിട്ടുനല്‍കിയത്

പൊതുഇടങ്ങളിലെ നിസ്കാരത്തിന്(Namaz) നേരെ പ്രതിഷേധമുണ്ടായതിന്(Protest at Different Namaz Site) പിന്നാലെ ഹരിയാനയില്‍ ഹിന്ദുയുവാവിന്‍റെ കടമുറിയില്‍ നിസ്കരിച്ച് മുസ്ലിം വിശ്വാസികള്‍. ഗുരുഗ്രാമിലെ(Gurgaon) സെക്ടര്‍ 12 ലെ ഒഴിഞ്ഞ കടമുറിയിലാണ് നിരവധിപ്പേര്‍ വെള്ളിയാഴ്ച നിസ്കാരം പൂര്‍ത്തിയാക്കിയത്. ഗുരുഗ്രാമില്‍ അടുത്തിടെ പൊതുഇടങ്ങളിലെ നിസ്കാരത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് അക്ഷയ് എന്ന യുവാവ് തന്‍റെ ഒഴിഞ്ഞ കടമുറി വെള്ളിയാഴ്ച നിസ്കാരത്തിനായി വിട്ടുനല്‍കിയത്.

സമാനമായി മുസ്ലിം വിശ്വാസികള്‍ക്ക് സിഖ് ഗുരുദ്വാരയില്‍ നിസ്കരിക്കാനുള് സൌകര്യമൊരുക്കാമെന്ന് ഗുരുഗ്രാമിലെ ഗുരുദ്വാര അധികൃതരും വിശദമാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി ആയതിനാല്‍ സിഖ് വിശ്വാസികള്‍ക്ക് അസൌര്യമുണ്ടാവുമെന്ന് വിശദമാക്കിയാണ് ഗുരുദ്വാരയിലെ നിസ്കാരത്തിനുള്ള ക്ഷണം നിരസിച്ചതെന്ന് ഗുരുദ്വാര അധികൃതര്‍ ദേശീയമാധ്യമങ്ങളോട് വിശദമാക്കി. ഗുരുദ്വാരയില്‍ നിസ്കരിക്കാനുള്ള അവസരം നല്‍കുന്നതിനെതിരെ തീവ്രഹിന്ദു സംഘടനകളില്‍ നിന്ന് എതിര്‍പ്പും ഉയര്‍ന്നിരുന്നു.

മുന്‍ രാജ്യ സഭാ എംപിയായ മുഹമ്മദ് അദീബ് അടക്കമുള്ളവര്‍ ഹിന്ദു യുവാവിന്‍റെ കടമുറിയിലാണ് വെള്ളിയാഴ്ച നിസ്കരിച്ചത്. ഗുരുദ്വാരകള്‍ക്ക് തീവ്രഹിന്ദു സംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നതായി മുന്‍ എംപിയും പറയുന്നു. സ്ഥലം നല്‍കാന്‍ മനസ് കാണിച്ചതില്‍ ഗുരദ്വാരകള്‍ക്ക് എംപി നന്ദി പറഞ്ഞു. ഗുരുഗ്രാമില്‍ തന്നെയുള്ള സെക്ടര്‍ 37ലെ ഗ്രൌണ്ടിലെ നിസ്കാരം അതേസമയം ചിലര്‍ തടസപ്പെടുത്തിയിരുന്നു. നേരത്തെ മേഖലയിലുണ്ടായ തര്‍ക്കങ്ങളേത്തുടര്‍ന്ന് നിസ്കാരത്തിന് അനുമതി നല്‍കിയ ഗ്രൌണ്ടിലെത്തിയ വിശ്വാസികളെ ചിലര്‍ തടയുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹരിയാനയിലെ ഗുരുഗ്രാം മേഖലയില്‍ വെള്ളിയാഴ്ച നിസ്കാരത്തേച്ചൊല്ലി തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്.

2018ല്‍ സമാനരീതിയിലുള്ള തര്‍ക്കമുണ്ടായതിനേത്തുടര്‍ന്ന് നിസ്കരിക്കാനായി 37 സ്ഥലങ്ങള്‍ ജില്ലാ നേതൃത്വം അനുവദിച്ചിരുന്നു. അടുത്തിടെയുണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇതില്‍ എട്ട് ഇടങ്ങളിലെ നിസ്കാര അനുമതി പിന്‍വലിച്ചിരുന്നു. ടൂര്‍ ഓര്‍ഗനൈസര്‍ ആയ അക്ഷയ് ആണ് തന്‍റെ കടമുറി നിസ്കാരത്തിനായി വിട്ടുനല്‍കിയത്. ഇയാള്‍ക്ക് ഗുരുഗാവിലെ മെക്കാനിക്ക് മാര്‍ക്കറ്റില്‍ നിരവധി കടമുറികളുണ്ട്. ഇവയില്‍ മിക്കതിലും വാടകക്കാര്‍ ആയിട്ടുള്ളത് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ മിക്കവര്‍ക്കും വെള്ളിയാഴ്ച നിസ്കാരത്തിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു യുവാവിന്‍റെ തീരുമാനം. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹിന്ദുത്വ അനുകൂല വിഭാഗങ്ങള്‍ തുറന്നയിടത്തിലെ നിസ്കാരത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. നിസ്കാരത്തിനായി അനുവദിച്ച പ്രദേശത്ത് രാവിലെ മുതല്‍ എത്തിയ ചിലര്‍ പ്രദേശം വോളിബോള്‍ കോര്‍ട്ട് ആക്കിയിരുന്നു. ഇത് മേഖലയില്‍ നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു.  സമാനമായ മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ മുസ്ലിം വിശ്വാസികള്‍ നിസ്കരിക്കാന്‍ ഉപയോഗിച്ച വസ്ത്രാപൂരിലെ ഗാര്‍ഡനില്‍ വിഎച്ച്പി അനുയായികള്‍ ശുദ്ധികലശം നടത്തിയിരുന്നു. ഏതാനും പേര്‍ നിസ്കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്. 

PREV
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്