എന്ന് സ്വന്തം ഇന്നസെന്റ്, മമതയുടെ ഹോം ഗ്രൗണ്ട് കളികൾ, ബിജെപിക്ക് എരുവുള്ള തെലങ്കാന അച്ചാര്‍!

Published : Apr 02, 2023, 03:40 PM ISTUpdated : Apr 02, 2023, 03:44 PM IST
എന്ന്  സ്വന്തം ഇന്നസെന്റ്, മമതയുടെ ഹോം ഗ്രൗണ്ട് കളികൾ,  ബിജെപിക്ക് എരുവുള്ള തെലങ്കാന അച്ചാര്‍!

Synopsis

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്.

എന്ന്, സ്വന്തം ഇന്നസെന്റ്

ഈയിടെ അന്തരിച്ച പ്രിയ നടനും എംപിയുമൊക്കെയായിരുന്ന ഇന്നസെന്റിനെ സിനിമാ സ്ക്രീനിന് അപ്പുറത്ത്  നമ്മൾ കൂടുതലും കണ്ടിട്ടുള്ളത് ചന്ദന കളര്‍ കൂര്‍ത്തയും മുണ്ടും ധരിച്ചാണ്. സ്വതസിദ്ധമായ ശൈലിയിലുള്ള നര്‍മ്മം കലര്‍ന്ന സംസാരം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ലോക്‌സഭാംഗമായ ശേഷവും തമാശയിലൂടെ അദ്ദേഹം കാര്യങ്ങൾ പറ‍ഞ്ഞു. 2014ൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ നിന്ന് സിപിഎം അദ്ദേഹത്തെ മത്സരിപ്പിച്ചപ്പോൾ പലരും പരിഹസിച്ചിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരു ഹാസ്യനടൻ  തെരഞ്ഞെടുപ്പിൽ സ്വാധീന ശക്തിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരുന്നു ഇന്നസെന്റ്. ജീവിതാനുഭവങ്ങൾ ഉള്ള ഒരാൾക്ക് എങ്ങനെ മികച്ച പാർലമെന്റേറിയനാകാൻ കഴിയുമെന്ന് തന്റെ വിജയത്തിന് ശേഷം ഇന്നസെന്റ് കാണിച്ചുകൊടുത്തു. അദ്ദേഹത്തെ പിടികൂടിയ കാൻസർ ചികിത്സിച്ച് തോൽപ്പിച്ച ശേഷം അദ്ദേഹം തന്റെ മണ്ഡലത്തിൽ ഉടനീളം  കാൻസര്‍ ഡിറ്റക്ഷൻ സെന്ററുകളും പാലിയേറ്റീവ് കെയർ സെന്ററുകളും സ്ഥാപിച്ചു. ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കാൻ  രാഷ്ട്രീയവും മതപരവുമായ ഒരു വേര്‍തിരിവും അദ്ദേഹം കാണിച്ചിരുന്നില്ല. 

അങ്ങനെ, അതുല്യമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം, ചാലക്കുടിയിലെ ആ ഭരണകാലം ഒരു അഴിമതിഹിത കാലഘട്ടമായി ഓർമ്മിക്കപ്പെടും. ഇന്നസെന്റിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഒരു രാഷ്ട്രീയ പാഠമായി വീണ്ടും വീണ്ടും വായിക്കും. കാരണം, ജനങ്ങളുമായി സംവദിക്കാൻ ലാളിത്യം പ്രത്യയശാസ്ത്രമായും പുഞ്ചിരി പാസ്‌വേഡായും ഉപയോഗിച്ച നേതാക്കൾ അധികമില്ല...

ഞങ്ങടെ സ്വന്തം സത്യാഗ്രഹം

മഹാത്മാഗാന്ധി തുടക്കമിട്ട് നിരവധി ദേശീയ നേതാക്കൾ ഉൾപ്പെട്ടതുമായചരിത്ര സംഭവമാണ് വൈക്കം സത്യഗ്രഹം. കോട്ടയം ജില്ലയിലെ വൈക്കം ശിവക്ഷേത്രത്തിന് സമീപമുള്ള റോഡുകൾ ഉപയോഗിക്കാൻ പിന്നോക്ക വിഭാഗങ്ങൾക്കും അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഗാന്ധിജി സത്യഗ്രഹം ആരംഭിക്കുന്നതിന് മുമ്പ് വൈക്കത്ത് എത്തിയത്.  ശതാബ്ദിയിലെത്തിനിൽക്കുന്ന സത്യാഗ്രഹ ഓര്‍മകൾ  ഒരു വലിയ നാഴികക്കല്ല് തന്നെയാണ് പിന്നിടുന്നതും. കഴിഞ്ഞ ദിവസമാണ് കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ സംയുക്തമായി ഔദ്യോഗികമായി ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.   കോൺഗ്രസിന്റെ ആഘോഷ പരിപാടികൾ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉദ്ഘാടനം ചെയ്തു.

പിന്നോക്ക വിഭാഗങ്ങൾക്ക് അവരുടെ അവകാശം സ്ഥാപിച്ചെടുത്ത പ്രസ്ഥാനത്തിന്റെ 100- ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാഹുൽ ഗാന്ധിക്ക് പിന്തുണ അഭ്യർത്ഥിക്കാനാണ് കോൺഗ്രസ് പാർട്ടി ആ വേദി ഉപയോഗിച്ചത്. ഇതിന്റെ യുക്തിയാണ് പലർക്കും മനസ്സിലാകാത്തതും, ഒരു പ്രത്യേക വിഭാഗത്തിനെതിരായ പരാമര്‍ശത്തിന്റെ പേരിൽ നിയമ നടപടി നേരിട്ട് അയോഗ്യനാക്കപ്പെട്ട രാഹുലിന് വേണ്ടി ഇതുപോലൊരു വേദിയിലെങ്കിലും സംസാരിക്കാതിരിക്കാമായിരുന്നു എന്നാണ് പ്രതിപക്ഷ വിമര്‍ശനം. അതേസമയം, സത്യാഗ്രഹം കഴിഞ്ഞ് 40 വർഷമെങ്കിലും കഴിഞ്ഞ് രൂപീകരിക്കപ്പെട്ട പാർട്ടിയായ സിപിഎമ്മിന്റെ, വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വം അവകാശപ്പെടാനുള്ള ശ്രമം അതിലും വിചിത്രമായിരുന്നുവെന്നും വിമര്‍ശനം.

കൂറുമാറ്റം

പോസ്റ്റ് ടെലിവിഷൻ കാലഘട്ടത്തിൽ രാജ്യത്തുടനീളം തെരഞ്ഞെടുപ്പുകളുടെ ഹൈലൈറ്റ് കക്ഷി സംവാദങ്ങളാണ്. പ്രാദേശിക വിഷയങ്ങൾ മുതൽ ദേശീയ വിഷയങ്ങൾ വരെ ചർച്ചയാകുന്ന ചൂടുപിടിച്ച സംവാദ വിഷയങ്ങൾ. കര്‍ണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ മത്സരിക്കുന്ന രാമനഗര അസംബ്ലി മണ്ഡലത്തിലെ സമീപകാല സംവാദമാണ് പുതിയ എപ്പിസോഡ്.  നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും എഴുപതോളം ബിജെപി പ്രവർത്തകരും നാല് ജെഡിഎസ് പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു. സംഘാടകർ കുറച്ചുനേരം കാത്തിരുന്നെങ്കിലും പുതിയ ജെഡിഎസ് പ്രവർത്തകരാരും എത്തിയില്ല. തുടര്‍ന്ന്  ഷോ കാണാനെത്തിയ മൂന്ന് മാധ്യമപ്രവർത്തകരോട് ജെഡിഎസ് പ്രവർത്തകരായി പങ്കെടുക്കാൻ നിര്‍ദ്ദേശിച്ചു.

മിനിറ്റുകൾക്കകം, കോൺഗ്രസിനെയും ബിജെപിയെയും പോലെ പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്ന് ജെഡിഎസ് നേതാവിന്റെ അവകാശവാദം എത്തി. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി നടത്തിയ പഞ്ചരത്ന യാത്രയെ ഉദ്ധരിച്ചായിരുന്നു ഇത്. ഇതോടെ കാര്യങ്ങൾ അറിയാമായിരുന്ന കോൺഗ്രസ് നേതാക്കൾ അവസരം ഉപോയഗിച്ചു.  ജെഡിഎസ് പ്രവർത്തകരായി പരിപാടിയിൽ പങ്കെടുത്ത മൂന്ന് മാധ്യമപ്രവർത്തകരെ തങ്ങൾക്കൊപ്പം ക്ഷണിച്ചിരുത്തി, ഇതോടെ ജെഡിഎസ് അണികളുടെ ഭാഗം ഏകദേശം ശൂന്യമായി. പിന്നാലെ കോൺഗ്രസിന്റെ പരിഹാസമെത്തി. ജെഡിഎസ് എംഎൽഎമാർ തെരഞ്ഞെടുക്കപ്പെട്ടാലും ചെയ്യുന്നതാണിത് എന്നായിരുന്നു പരിഹാസം. നാണംകെട്ടെങ്കിലും മൂവരും മാധ്യമപ്രവർത്തകരാണെന്നും സഹപ്രവർത്തകരല്ലെന്നും ആ ജെഡിഎസ് നേതാവ് സമ്മതിച്ചു. ഇതിനെ മാധ്യമപ്രവര്‍ത്തകരുടെ 'കൂറുമാറ്റം' എന്നല്ലാതെ എന്ത് വിളിക്കും...!

നെഞ്ചിലെ തീ...

ലോകമെമ്പാടും അറിയപ്പെടുന്ന ഒന്നാണ് തെലങ്കാനയിലെ അച്ചാറുകൾ. അതേപോലെ അവിടത്തെ ഓരോ രാഷ്ട്രീയ വികാസങ്ങളിലും അച്ചാറിലേത് പോലെ എരിവും പുളിയും മറ‍ഞ്ഞിരിപ്പുണ്ടാകും. തെലങ്കാനയിലെ സമീപകാല സംഭവങ്ങൾ ബിജെപി ദേശീയ നേതാക്കളുടെ നെഞ്ചിൽ തീ കോരിയിടുന്നതാണ്.  ബിജെപിയിലേക്കെത്തിയ മുതിര്‍ന്ന രാഷ്ട്രീയ നേതാവും ഇൻക്ലൂഷൻ കമ്മിറ്റി ചെയർമാനുമായ എടേല രാജേന്ദറാണ് പുതിയ കാരണം.

ബിജെപിയിൽ ചേരുന്നതിനായി രാജേന്ദർ അന്നത്തെ ടിആർഎസിൽ അഥവാ ഇന്നത്തെ ബിആർഎസിൽ നിന്ന് രാജിവച്ചിരുന്നു. പിന്നീട് ഹുസുറാബാദ് മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, തന്റെ അനുയായികൾക്ക് വേണ്ടി ടിക്കറ്റ് ഉൾപ്പെടെയുള്ള ചില വാഗ്ദാനങ്ങൾ നൽകിയ പാർട്ടി, അത് പാലിക്കാത്തതിനാൽ, ഇൻക്ലൂഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നാണ് രാജേന്ദറിന്റെ പുതിയ ഭീഷണി.  ബിജെപി അധ്യക്ഷൻ ജെപി നദ്ദയോടാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. രാജേന്ദറിനെ സമാധാനിപ്പിക്കാൻ കഴിവുള്ളവർക്ക് ടിക്കറ്റ് നൽകുമെന്ന് പറഞ്ഞെങ്കിലും രാജേന്ദര്‍ അസന്തുഷ്ടനാണെന്നും  പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് വിവരം.  ഇതോടെ ബിജെപിക്ക്  ശരിക്കും നെഞ്ചിൽ അച്ചാറ് കോരിയിട്ട അവസ്ഥയാണ്.

മുനുഗോട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയോടെ പാർട്ടിക്ക് ശക്തി കുറഞ്ഞു തുടങ്ങിയതും, അതിന് ശേഷം പ്രമുഖ നേതാക്കളാരും ബിജെപിയിൽ ചേരാത്തതും മുതിർന്ന നേതാക്കൾക്കിടയിലെ അതൃപ്തിയും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. പാർട്ടിയിലെ എല്ലാ അസന്തുഷ്ടിക്കും കാരണം സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയിന്റെ പ്രവർത്തനമാണെന്നാണ് ഉൾപ്പാര്‍ട്ടി വിമര്‍ശനം. വൈകാതെ ദില്ലി കേന്ദ്രങ്ങൾ ഇത് ശ്രദ്ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

വിഴുപ്പലക്കലുകൾ

വിഴുപ്പലക്കലുകൾ രാഷ്ട്രീയക്കാരുടെ ഇഷ്ട വിനോദമാണ്. എന്നാൽ, മോദി സര്‍ക്കാറിനെ താഴെയിറക്കുമെന്ന് പറഞ്ഞ് വാഷിങ് മെഷീനുമായി പരേഡ് നടത്തുന്ന മമത ബാനര്‍ജി വലിയൊരു തമാശയായി മാറുന്നുവെന്നാണ് പറച്ചിലുകൾ. വിലക്കയറ്റത്തിനും പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുന്നതിനും എതിരെയാണ് അവർ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതും താഴെയിറക്കാൻ പോരാടുന്നതും. എന്നാൽ, ഹോം ടർഫിൽ കളി വേറെയാണ്.  സമാനമായ കാരണങ്ങളാൽ അവർക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. മമതയുടെ നയങ്ങൾക്കെതിരെ ബിജെപി നേതാക്കളായ ഷുവേന്ദു അധികാരിയും സുകാന്ത് മജുംദറും മമതയ്‌ക്കെതിരെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതൊക്കെയാണെങ്കിലും ബംഗാളിൽ ദയനീയ അവസ്ഥ ഇടതുപര്‍ട്ടിക്കാണ്. മോദിയേയും മമതയേയും  എതിര്‍ക്കേണ്ട് ഇടതിന് ദ്വിമുഖ തന്ത്രങ്ങളാണ് പയറ്റേണ്ടി വരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി