ചുവന്ന ഡയറിയിലെ രഹസ്യങ്ങള്‍, മൈക്കിനെതിരെ കേസ്, വൈദ്യുതി മോഷ്ടാക്കളേ ഇതിലേ ഇതിലേ!

Published : Jul 31, 2023, 01:44 PM IST
ചുവന്ന ഡയറിയിലെ രഹസ്യങ്ങള്‍, മൈക്കിനെതിരെ കേസ്, വൈദ്യുതി മോഷ്ടാക്കളേ ഇതിലേ ഇതിലേ!

Synopsis

അത്ര കൂളായിരുന്നില്ല ഓപ്പറേറ്ററുടെ കാര്യം. അയാള്‍ക്കെതിരെ കേസ് വന്നു. പൊലീസ് എത്തി മുഖ്യമന്ത്രിയെ 'അലോസരപ്പെടുത്തിയ' മൈക്കും ആംപ്ലിഫയറുമായി പോയി. 

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

 

 

ഹലോ, മൈക്ക് ടെസ്റ്റിംഗ്!

എന്തരോ എന്തോ! മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഹൗളിംഗ് ശബ്ദം വന്നതിന് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുത്ത കേരള പൊലീസ് നടപടിയെക്കുറിച്ച് ഒറ്റ വാചകത്തില്‍ ഇങ്ങനെയേ പറയാനാവൂ. 

കുറ്റം ഇതാണ്: ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ 10 സെക്കന്‍ഡ് ഓളം മൈക്കില്‍ ഹൗളിംഗ് ശബ്ദം ഉണ്ടായി! 

മുമ്പൊരിക്കല്‍ സമാന സാഹചര്യത്തില്‍ ചെയ്തതുപോലെ, അദ്ദേഹം ക്ഷുഭിതനായില്ല, പകരം, പ്രസംഗം പൂര്‍ത്തിയാക്കി കൂളായി വേദി വിടുകയായിരുന്നു. 

എന്നാല്‍, അത്ര കൂളായിരുന്നില്ല ഓപ്പറേറ്ററുടെ കാര്യം. അയാള്‍ക്കെതിരെ കേസ് വന്നു. പൊലീസ് എത്തി മുഖ്യമന്ത്രിയെ 'അലോസരപ്പെടുത്തിയ' മൈക്കും ആംപ്ലിഫയറുമായി പോയി. 

സംഗതി വാര്‍ത്തയായി. പ്രതിഷേധമായി. മുഖ്യമന്ത്രിയ്ക്കും ഓഫീസിനും നാണക്കേടായി. പൊലീസ് പതുക്കെ തലയൂരി. കേസ് റദ്ദാക്കി ഏമാന്‍മാര്‍ സ്‌കൂട്ടായി. 

എന്നാല്‍, പൊലീസുകാരുടെ മൈക്ക് പേടിക്ക് ഒരു കുറവുമുണ്ടായില്ല. വ്യാഴാഴ്ച മുഖ്യമന്ത്രി സംസാരിക്കുന്ന ഒരു പരിപാടിക്ക് മണിക്കൂറുകള്‍ക്കു മുമ്പേ പൊലീസ് എത്തി. മൈക്കും ഉപകരണങ്ങളും ടെസ്റ്റ് ചെയ്തു. കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവര്‍ ശ്വാസംവിട്ടത്.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രതികരണത്തില്‍ ഈ അവസ്ഥ ശരിക്കും കാണാം. ''ഒന്നാം പ്രതി മൈക്കാണ്, രണ്ടാം പ്രതി ആംപ്ലിഫയറും! 

മേലാളരെ സുഖിപ്പിക്കാന്‍ എന്തിനും തയ്യാറാവുന്ന കാലത്ത് പൊലീസുകാര്‍ ഈ കലാപരിപാടി  തുടരാനാണ് സാധ്യത. 

 

 

ചുവന്ന ഡയറിയിലെ രഹസ്യങ്ങള്‍

ആ ഡയറിയില്‍ എന്താണ്?  കുറച്ചു നാളായി ഇതാണ് രാജസ്ഥാനിലെ ചര്‍ച്ച. 

പുറത്താക്കപ്പെട്ട ഒരു മുന്‍ മന്ത്രിയാണ് ഡയറിക്കാര്യം എടുത്തിട്ടത്. മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ രഹസ്യങ്ങള്‍ അടങ്ങിയ ഒരു ചുവന്ന ഡയറി തന്റെ കൈയിലുണ്ട്. അത് പുറത്തുവിടും എന്നായിരുന്നു ഭീഷണി. അവിടം കൊണ്ടു നിന്നില്ല. ഡയറിയുമായി പുള്ളി വിധാന്‍ സഭയിലെത്തി. സഭയില്‍ കൊടുങ്കാറ്റിളകി. ഒടുവില്‍ മുന്‍മന്ത്രിയെ വാച്ച് ആനറ് വാര്‍ഡ് പുറത്താക്കി. തീര്‍ന്നില്ല, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിക്കെ പ്രധാനമന്ത്രിയും പറഞ്ഞു, ഈ ഡയറിക്കാര്യം!

സംഗതി എന്തായാലും രാജസ്ഥാന്‍ കോണ്‍്രഗസില്‍ ഈ ഡയറി ഉണ്ടാക്കിയ പുകിലുകള്‍ തീരുന്നേയില്ല. അവിശ്വസം തുടരുകയാണ്. 

ഒരിക്കല്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്ഥനായിരുന്ന ഒരു നേതാവിന്റെ കാര്യമെടുക്കുക. ഡയറിപ്പേടിയില്‍ സമനില തെറ്റിയ ഈ നേതാവ് കിളിപോയ സ്ഥിതിയിലാണ്. സാക്ഷാല്‍ പൈലറ്റ് പോലും ഇദ്ദേഹത്തിന്റെ കോള്‍ എടുക്കുന്നില്ല. 

പൈലറ്റിനു വേണ്ടി വീരോചിതം അടരാടിയ നേതാവ് ഇപ്പോള്‍ അവിടെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയിലാണ്. 

 

 

തമ്മിലടിയുടെ കാര്‍ണിവല്‍

തെരഞ്ഞെടുപ്പിലെ ഗംഭീര വിജയം നല്‍കിയ പരസ്പര സ്‌നേഹത്തിന്റെയും നന്‍മയുടെയും കാലം കഴിഞ്ഞു, കര്‍ണാടക കോണ്‍ഗ്രസിലിപ്പോള്‍ തമ്മിലടിയുടെ വസന്തം. അധികാരക്കൊതി തലയ്ക്കു പിടിച്ച നേതാക്കള്‍ ഗ്രൂപ്പ് കളികളില്‍ തിമിര്‍ക്കുകയാണ്. 

1975 മുതല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ബി കെ ഹരിപ്രസാദാണ് കളിയ്ക്ക് വിസിലൂതിയത്. മന്ത്രിക്കുപ്പായം തയ്ച്ചു കാത്തിരുന്ന ഹരിപ്രസാദ്, സീറ്റ് കിട്ടാതായതോടെയാണ് നേതൃത്വത്തിന് എതിരെ തിരിഞ്ഞത്. 

എഡിഗ സമുദായ യോഗത്തില്‍ അദ്ദേഹം ആഞ്ഞടിച്ചു, ഏത് മുഖ്യമന്ത്രിയായാലും വാഴിക്കാനും വീഴിക്കാനും തനിക്കാവും! വിവാദമായി, കുഴപ്പമായി. ഹരിപ്രസാദിന്റെ രക്തത്തിന് മുറവിളിയായി. 

അവിടെ നിര്‍ത്തിയില്ല ഹരിപ്രസാദ്. അസംതൃപ്തരായ മറ്റ് നേതാക്കളെയും അദ്ദേഹം സ്വന്തം പാതയിലേക്ക് ക്ഷണിച്ചു. മോശം പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ആഹ്വാനം ചെയ്തു. 

ഇതൊന്നും കണ്ടുനിന്നില്ല, മുഖ്യമന്ത്രി. ഉടനെ വിളിച്ചു, അടിയന്തിര കാബിനറ്റ്. സാഹചര്യങ്ങള്‍ വിലയിരുത്തി, ശ്വാസംവിട്ടു! 

ഹരിപ്രസാദിനെതിരെ നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. എന്നാല്‍, ഗാന്ധി കുടുംബവുമായുള്ള ബന്ധം തടസ്സമാണ്. ചുണയുണ്ടെങ്കില്‍ നടപടി എടുക്ക് എന്ന് ഹരിപ്രസാദ്  വെല്ലുവിളിക്കുന്നത് വെറുതെയല്ല. 

ഹരിപ്രസാദ് പോരാട്ടം തുടര്‍ന്നാല്‍, കര്‍ണാടക പുതിയ കളിക്കളമാവും! 

 

 

എന്നിട്ടും നീ വന്നില്ലല്ലോ! 

ഭരണപക്ഷത്തെ അവസ്ഥ ഇതാണെങ്കില്‍, കര്‍ണാടകയില്‍ പ്രതിപക്ഷത്തിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. നേതാവില്ല, അതാണ്  പ്രതിപക്ഷത്തിന്റെ അവസ്ഥ. ഒടുക്കം അമിത് ഷാ നേരിട്ട് ഇടപെട്ടിരിക്കുകയാണ് അവിടെ.

ബി എല്‍ സന്തോഷ്, പ്രഹ്‌ളാദ് ജോഷി, ശോഭാ കരന്ദ്‌ലാജെ, ജി എം സിദ്ദേശ്വര, രമേശ് ജിഗജിനാഗി എന്നിവരുമായൊക്കെ ഷാ സംസാരിച്ചു കഴിഞ്ഞു. 

മുന്‍ മുഖ്യമന്ത്രി ബൊമ്മെയാണ് പട്ടികയിലാദ്യം. എന്നാല്‍, നേതാക്കളിലേറെയും ബസനഗൊണ്ടു പാട്ടീല്‍ യത്‌നാലിന്റെ പക്ഷത്താണ്. ആര് നേതാവായാലും മറ്റേയാള്‍ക്ക് അസംതൃപ്തി ഉറപ്പ്. 

പന്ത് എന്തായാലും അമിത് ഷായുടെ കോര്‍ട്ടില്‍ തന്നെയാണ്. ജെ ഡി എസിന്റെ സാധ്യതയും ഷാ ആരായുന്നുണ്ട്. 

സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ആരു വരുമെന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

 

 
 

വൈദ്യുതി മോഷ്ടാക്കള്‍ക്ക് നല്ല കാലം!

ഇലക്ട്രിസിറ്റിയും തെരഞ്ഞെടുപ്പും തമ്മില്‍ എന്താണ് ബന്ധം? 

ബന്ധമുണ്ടെന്നാണ് രാജസ്ഥാനില്‍നിന്നുള്ള വാര്‍ത്തകള്‍. കറന്റ് മോഷണം വളരെ സാധാരണമായ സംസ്ഥാനത്ത്, അത്തരം കേസുകള്‍ ഇനിയധികം പിടിക്കേണ്ട എന്നാണ് മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പൊലീസിന് നല്‍കുന്ന നിര്‍ദശം. വൈദ്യുതി മോഷണ കേസുകളില്‍ കൂടുതലും കോണ്‍ഗ്രസ് എം എഎല്‍ എ മാരുടെ മണ്ഡലങ്ങളിലാണ് എന്നതാണ് രസകരമായ കാര്യം.  ഗ്രാമീണ മേഖലകളിലെ കാര്യമാണ് ദയനീയം. 

ചില കേസുകളില്‍ ഒഴികെ, ഇത്തരം വൈദ്യുതി മോഷണങ്ങളൊന്നും ഇപ്പോള്‍ വൈദ്യുതി വകുപ്പ് കാര്യമായി എടുക്കുന്നേയില്ല. ഇതില്‍ കയറിപ്പിടിക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ബി.ജെ.പി.

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി