രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൌതം ഗംഭീര്‍

By Web TeamFirst Published Jan 21, 2021, 5:59 PM IST
Highlights

രാമക്ഷേത്ര നിര്‍മ്മാണത്തിനായി പണസമാഹരണത്തിനായി വ്യാപകമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. പത്ത് രൂപ മുതലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചാണ് ധനസമാഹരണം ലക്ഷ്യമിടുന്നതെന്നാണ് ദില്ലി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് ചഹല്‍ വിശദമാക്കിയത്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ബിജെപി എംപി ഗൌതം ഗംഭീര്‍. മഹത്തരമായ ഒരു ക്ഷേത്രത്തിന് വേണ്ടിയാണ് തന്‍റെയും കുടുംബത്തിന്‍റേയും ഈ സംഭാവനയെന്നാണ് മുന്‍ക്രിക്കറ്റ് താരം കൂടിയായ ഗൌതം ഗംഭീര്‍ പറയുന്നത്. നീണ്ടുനിന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും ശാന്തതയിലേക്കുമുള്ള പാതയിലേക്ക് വഴിയൊരുക്കും. എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമായിരുന്നു മഹത്തായ രാമക്ഷേത്രമെന്നും ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയായ ഗൌതം ഗംഭീര്‍ പറയുന്നു. 

രാമക്ഷേത്ര നിര്‍മ്മാണത്തിനായി പണസമാഹരണത്തിനായി വ്യാപകമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. പത്ത് രൂപ മുതലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചാണ് ധനസമാഹരണം ലക്ഷ്യമിടുന്നതെന്നാണ് ദില്ലി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് ചഹല്‍ എന്‍ഡി ടിവിയോട് വിശദമാക്കിയത്. ആയിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ചെക്ക് മുഖാന്തരമാണ് നടത്തുന്നത്. രാമക്ഷേത്രം വികാരമായ നിരവധിപ്പേരാണ് കോടിക്കണക്കിന് രൂപ സംഭാവന നല്‍കാനായി മുന്നോട്ട് വരുന്നതെന്നാണ് കുല്‍ജീത് ചഹല്‍ വിശദമാക്കുന്നത്. 

ആര്‍എസ്എസും വിഎച്ചപിയും ഈ ധനസമാഹരണ യജ്ഞത്തിന്‍റെ ഭാഗമാണ്. ഫെബ്രുവരി ഒന്ന് മുതല്‍ വീടുകള്‍ തോറും കയറി സംഭാവനകള്‍ സ്വീകരിക്കുമെന്നാണ് കുല്‍ജീത് ചഹല്‍ പറയുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. രാഷ്ട്രപതി ഭവനില്‍ വച്ച് വിഎച്ച്പി നേതാക്കള്‍ക്കാണ് രാഷ്ട്രപതി 500100 രൂപ സംഭാവന നല്‍കിയത്.  നിരവധി സംഘടനകളും രാമക്ഷേത്രത്തിനായി വന്‍തുക ഇതിനോടകം സംഭാവന ചെയ്തിട്ടുണ്ട്. 

click me!