കൂടുതൽ വെളിപ്പെടുത്തലുമായി രാജ്യ വിടേണ്ടി വന്ന ജർമ്മൻ വിദ്യാർത്ഥി; നിർബന്ധിച്ച് തിരിച്ചയക്കും മുമ്പ് സ്വയം മടങ്ങി

By Web TeamFirst Published Dec 24, 2019, 11:49 AM IST
Highlights

ഇന്ത്യയെ ഇഷ്ടപ്പെടുന്നെവന്ന് ആവർത്തിച്ച ജേക്കബ് പക്ഷേ ഭരിക്കുന്നവരുടെ നടപടിയെ വെറുക്കുന്നുവെന്നും വ്യക്തമാക്കി. അസഹിഷ്ണുതയ്ക്കെതിരായാണ് താൻ പ്രതികരിച്ചതെന്നും ജേക്കബ് ഒന്ന് കൂടി വ്യക്തമാക്കി. 

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യ വിടേണ്ടി വന്നതിൽ കൂടുതൽ വിശദീകരണവുമായി ജർമ്മൻ വിദ്യാർത്ഥി ജേക്കബ് ലിൻഡൻതാൾ. ജർമ്മൻ കോൺസുലേറ്റിന്‍റെ നിർദ്ദേശ പ്രകാരം സ്വയം തിരിച്ചുപോകുകയായിരുന്നുവെന്ന് ജേക്കബ് വ്യക്തമാക്കി. നിർബന്ധിച്ച് കയറ്റി അയയ്ക്കും മുമ്പ് സ്വയം പോകുന്നതാണ് നല്ലതെന്ന നിർദ്ദേശമാണ് കോൺസുലേറ്റിൽ നിന്ന് ലഭിച്ചതെന്ന് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

ഇത് കൊണ്ടാണ് ഇന്നലെ തന്നെ മടങ്ങിയതെന്നും ജേക്കബ് വാട്സാപ്പ് സന്ദേശത്തിൽ വിശദീകരിച്ചു. ഇന്ത്യയെ ഇഷ്ടപ്പെടുന്നെവന്ന് ആവർത്തിച്ച ജേക്കബ് പക്ഷേ ഭരിക്കുന്നവരുടെ നടപടിയെ വെറുക്കുന്നുവെന്നും വ്യക്തമാക്കി. അസഹിഷ്ണുതയ്ക്കെതിരായാണ് താൻ പ്രതികരിച്ചതെന്നും ജേക്കബ് ഒന്ന് കൂടി വ്യക്തമാക്കി. 

മദ്രാസ് ഐഐടി ഫിസിക്സ് വിദ്യാർത്ഥിയായ ജേക്കബിന് ഒരു സെമസ്റ്റർ കൂടി ബാക്കിയുള്ളപ്പോഴാണ് പഠനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടത്. പൗരത്വ നിയമ ഭേദഗതിയിൽ ഐഐടിക്ക് അകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളിൽ സജീവമായിരുന്നു ജേക്കബ്. എമിഗ്രേഷൻ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് രാജ്യം വിടണമെന്ന് ഉദ്യാഗസ്ഥർ ആവശ്യപ്പെട്ടത്. സ്റ്റുഡൻറ് വിസ ചട്ടങ്ങൾ ലംഘിച്ചെന്ന് പറഞ്ഞ് നോട്ടീസ് വായിച്ചു. ഉടൻ രാജ്യം വിട്ടില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് പറഞ്ഞു. നോട്ടീസിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ട് പോലും തന്നില്ലെന്നും ജേക്കബ് വാട്ട്സാപ്പ് സന്ദേശത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. 

ട്രിപ്സൺ സർവകലാശാലയുടെ സ്കോളാർഷിപ്പോടെയാണ് ജേക്കബ് ഐഐടിയിലെത്തിയത്. പരൗത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ എന്ന് ഐഐടി അധികൃതർ വിദ്യാർത്ഥികൾക്ക് താക്കീത് നൽകിയിരുന്നു. ഇതിനെതിരായ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് ജർമ്മൻ വിദ്യാർത്ഥിക്ക് എതിരായ നടപടിയുണ്ടായത്. 

click me!