
ഗാസിയാബാദ്: സ്വത്ത് തർക്കത്തെത്തുടർന്ന് യുവാവ് പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് മോദിനഗർ സ്വദേശി ഹരിഓം ചൗധരി(52)യാണ് കൊല്ലപ്പെട്ടത്. ഹരിഓമിന്റെ മൂത്തമകനായ നിഖിൽ(32) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപ്പോയ പ്രതിക്കായി നാലുസംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.
150 കോടിയോളം രൂപയുടെ ആസ്തിയുള്ള മോദിനഗറിലെ പ്രമുഖ കർഷകനാണ് കൊല്ലപ്പെട്ട ഹരി ഓം ചൗധരി. മോദിനഗറിൽ മാത്രം 46 ഏക്കറോളം ഭൂമിയും ഡൽഹി-മീററ്റ് റോഡിലെ മാർക്കറ്റിൽ കെട്ടിടങ്ങളും ഹരിഓമിന് സ്വന്തമായിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തിന്റെ മൂത്തമകനായ നിഖിൽ സ്ഥിരം മദ്യപാനിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതേച്ചൊല്ലി പിതാവും മകനും തമ്മിൽ വഴക്കും പതിവായിരുന്നു.
15 ഏക്കറോളം ഭൂമിയും മാർക്കറ്റിലെ കടമുറികളും അടുത്തിടെയാണ് ഹരിഓം നിഖിലിന്റെ പേരിലാക്കിയത്. എന്നാൽ, ബാക്കി ഭൂമി കൂടി തന്റെ പേരിൽ എഴുതിനൽകണമെന്നായിരുന്നു നിഖിലിന്റെ ആവശ്യം. ഇത് ഹരിഓം സമ്മതിച്ചില്ല. മാത്രമല്ല, മദ്യപിക്കാനും മറ്റുമായി അനാവശ്യമായി പണം ചെലവഴിക്കുന്നതിനെയും ഇദ്ദേഹം കുറ്റപ്പെടുത്തി.
ബുധനാഴ്ച രാത്രി മദ്യപിച്ചനിലയിലാണ് നിഖിൽ വീട്ടിലെത്തിയത്. മദ്യലഹരിയിൽ മകനെ കണ്ടതോടെ ഹരിഓം വഴക്ക് പറഞ്ഞു. സ്വത്തിൻ്റെ കാര്യവും ചർച്ചയായി. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് നിഖിൽ പിതാവിന് നേരേ വെടിയുതിർക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും വയറിലും ഉൾപ്പെടെ ആറുതവണ ഹരിഓമിന് വെടിയേറ്റെന്നാണ് പൊലീസ് പറയുന്നത്. ഹരിഓമിന്റെ ഭാര്യ അനിതയും ഇളയമകൻ നീഷുവും ഇതേസമയം വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ നിഖിൽ വീട്ടിൽനിന്ന് കടന്നുകളഞ്ഞു.
അതിനിടെ, 2018-ലും നിഖിൽ വെടിയുതിർത്ത് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വിവരമുണ്ട്. നിഖിലിന്റെ മദ്യപാനത്തെച്ചൊല്ലിയായിരുന്നു അന്നും തർക്കമുണ്ടായത്. തുടർന്ന് സഹോദരനായ നീഷുവിന് നേരേയാണ് നിഖിൽ വെടിയുതിർത്തതെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam