
ബംഗളുരു: ഓടിക്കുന്ന സ്കൂട്ടറിന്‍റെ വില വെറും എൺപതിനായിരം, പക്ഷേ ട്രാഫിക് നിയമലംഘനത്തിന് ബംഗളുരുവിലെ ട്രാവൽ ഏജന്‍റുമാർക്ക് ഇതുവരെ കിട്ടിയത് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയാണ്. മൂന്ന് വർഷത്തിൽ 311 തവണ ബംഗളുരു സ്വദേശികളായ മൂന്ന് പേർ ചേർന്ന് ഉപയോഗിച്ച സ്കൂട്ടർ നിയമം ലംഘിച്ച് തലങ്ങും വിലങ്ങും ഓടിയെന്നാണ് ട്രാഫിക് ക്യാമറ കണ്ടെത്തിയത്.
വണ്ടി നമ്പർ കെ എ 05 ജെ എക്സ് 1344. സ്ഥലം ബംഗളുരുവിലെ ബസ് സ്റ്റേഷനുകളിലൊന്നായ കലാശിപാളയ. ഇവിടത്തെ ഒരു ട്രാവൽ ഏജന്‍റ് പെരിയസാമിയുടെ പേരിലുള്ള ആക്ടീവ സ്കൂട്ടറാണ് ട്രാഫിക് നിയമലംഘനത്തിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ചു കളഞ്ഞത്. 311 തവണ മൂന്ന് വർഷത്തിനിടെ ഈ സ്കൂട്ടർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്നാണ് ട്രാഫിക് നിരീക്ഷണ ക്യാമറകൾ കണ്ടെത്തിയിട്ടുള്ളത്. വണ്ടിക്കാകെ എൺപതിനായിരം രൂപയേ വിലയുള്ളൂ. കിട്ടിയ പിഴത്തുക ഒരു ലക്ഷത്തി അറുപതിനായിരം രൂപയോളം വരും.
തുടർച്ചയായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പെരിയസ്വാമിയുടെ ട്രാവൽ ഏജൻസിയിലെത്തി വിവരം തിരക്കിയപ്പോഴാണ് വണ്ടി ബന്ധുവായ സുദീപടക്കം മറ്റ് രണ്ട് പേരും ഉപയോഗിക്കുന്നുണ്ടെന്ന വിവരമറിഞ്ഞത്. കുറച്ച് പണം ഇപ്പോഴടയ്ക്കാം, ബാക്കി പിന്നെ അടയ്ക്കാമെന്നൊക്കെ പെരിയസ്വാമി പറഞ്ഞ് നോക്കിയെങ്കിലും വണ്ടി ട്രാഫിക് പൊലീസ് അങ്ങ് പൊക്കി.
വണ്ടിയുടെ വിലയുടെ ഇരട്ടി പിഴ വന്ന സ്ഥിതിക്ക് അത് സ്റ്റേഷനിൽ കിടന്നോട്ടെയെന്ന് വയ്ക്കാൻ പെരിയസ്വാമിക്ക് കഴിയില്ല. പിഴ അടയ്ക്കാതിരുന്നാൽ, കോടതി നോട്ടീസ് കൊടുക്കും. പിന്നീടത് വാറന്‍റാകും. പിഴത്തുക ഇപ്പോഴുള്ളതിലും കൂടുതലുമായേക്കാം. ഹെൽമെറ്റെടുക്കാതെയും ഫുട്പാത്ത് വഴിയും തലങ്ങും വിലങ്ങുമോടുന്ന നിയമലംഘകരോട്, വല്ലപ്പോഴുമൊരിക്കൽ പിഴയെത്ര എന്ന് വെബ്സൈറ്റ് നോക്കിയേക്കാൻ പറയുകയാണ് ബെംഗളുരു ട്രാഫിക് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം