'പെണ്‍കുട്ടികള്‍ക്ക് ബോയ് ഫ്രണ്ട് നിര്‍ബന്ധം'; വ്യാജ സര്‍ക്കുലറിനെതിരെ യൂണിവേഴ്സിറ്റി

By Web TeamFirst Published Jan 27, 2021, 10:07 PM IST
Highlights

ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, ചെന്നൈ എന്നിവിടങ്ങളില്‍ എസ്ആര്‍എം ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പരാതി നല്‍കിയിട്ടുണ്ട്. 

ചെന്നൈ: വ്യജ സര്‍ക്കുലറിനെതിരെ പൊലീസ് കേസുമായി തമിഴ്നാട്ടിലെ എസ്ആര്‍എം യൂണിവേഴ്സിറ്റി. വ്യാഴാഴ്ചയാണ് യൂണിവേഴ്സിറ്റിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറിനെതിരെ പരാതിയുമായി യൂണിവേഴ്സിറ്റി അധികൃതര്‍ പൊലീസിനെ സമീപിച്ചത്. 'യൂണിവേഴ്സിറ്റിയില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്ത് നിര്‍ബന്ധം' രീതിയിലുള്ള സര്‍ക്കുലറാണ് പ്രചരിക്കുന്നത്.

ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, ചെന്നൈ എന്നിവിടങ്ങളില്‍ എസ്ആര്‍എം ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്‍റെ പേര് കളങ്കപ്പെടുത്തുന്ന രീതിയില്‍ വ്യാജമായി തയ്യാറാക്കിയ സര്‍ക്കുലര്‍ ഉണ്ടാക്കിയവര്‍ക്കെതിരെയും, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്ന് പരാചി ആവശ്യപ്പെടുന്നു.

ജനുവരി 22ന് ഡേറ്റുമായാണ് വ്യാജ സര്‍ക്കുലര്‍ ഇറക്കിയത്. ഇതില്‍ റജിസ്ട്രാര്‍ എന്‍.സേതുരാമന്‍, ചാന്‍സിലര്‍, പ്രസിഡന്‍റ് തുടങ്ങിയവരുടെ കൈയ്യൊപ്പും ഉണ്ട്.  എസ്ആര്‍എം ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി കെടികെ ക്യാംപസില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധമായി ആണ്‍സുഹൃത്ത് വേണം, ഇത് സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് സര്‍ക്കുലര്‍ പറയുന്നത്. യഥാര്‍ത്ഥമെന്ന് തോന്നിക്കുന്നതാണ് സര്‍ക്കുലര്‍.

എന്നാല്‍ കൊവിഡ് 19 ആയതിനാല്‍ ക്യാംപസില്‍ നിരന്തരം വിവിധ കാര്യങ്ങളില്‍ സര്‍ക്കുലര്‍ ഇറക്കാറുണ്ട്. ഇതിന്‍റെ ഭാഗമായി ഇറക്കിയ സര്‍ക്കുലര്‍ ഉപയോഗിച്ച് വ്യാജമായത് നിര്‍മ്മിച്ചതാകാം എന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്. അതേ സമയം സ്ഥാപനത്തിനുള്ളിലുള്ളവരുടെ പങ്കാളിത്തവും തള്ളികളയുന്നില്ലെന്ന് റജിസ്ട്രാര്‍ ദ ഹിന്ദുവിനോട് പറഞ്ഞു.

click me!