ഇന്ത്യയിൽ ദുരിതം വിതച്ച് കൊവിഡ്; പോരാട്ടത്തിന് പിന്തുണയുമായി, കൂടെയുണ്ടെന്ന് ആ​ഗോള സമൂഹം

By Web TeamFirst Published Apr 29, 2021, 1:59 PM IST
Highlights

മഹാമാരിയുടെ രണ്ടാം തരം​ഗത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെയും മെഡിക്കൽ സംവിധാനത്തിന്റെയും കിടക്കകളുടെയും അഭാവം ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയാണ്. 

ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന് ആ​ഗോള സമൂഹം. ഓക്സിജൻ സിലിണ്ടറുകൾ, ജീവൻരക്ഷാ മരുന്നുകൾ, യന്ത്രസാമ​ഗ്രികൾ എന്നിവയാണ് ഇന്ത്യയിലേക്ക് സഹായമായി എത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യയിൽ പ്രതിദിനം മൂന്നു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മഹാമാരിയുടെ രണ്ടാം തരം​ഗത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെയും മെഡിക്കൽ സംവിധാനത്തിന്റെയും കിടക്കകളുടെയും അഭാവം ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയാണ്. 

ഇന്ത്യക്ക് ആവശ്യമായി എല്ലാ സഹായങ്ങളും ഉടൻ എത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. റെംഡിസിവർ അടക്കമുള്ള എല്ലാ മരുന്നുകളും ഇന്ത്യയിലേക്ക് എത്തിക്കും. കൂടാതെ വാക്സീൻ നിർമ്മാണത്തിനാവശ്യമായ എല്ലാ യന്ത്രസാമ​ഗ്രികളും ഇന്ത്യക്ക് നൽകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നൊവാക്സ് പോലുള്ള വാക്സീനുകൾ പങ്കുവയ്ക്കാൻ കഴിയുന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ നടക്കുകയാണെന്നും ബൈഡൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചക്ക് ശേഷമാണ് ബൈഡൻ അമേരിക്കൻ സഹായത്തെക്കുറിച്ച് വിശദീകരണം നൽകിയത്. 

വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിലേക്കയച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ  ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമാണ് ഉള്ളതെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. സുപ്രധാനമായ മെഡിക്കൽ സംവിധാനങ്ങൾ നൽകിയാണ് ഇന്ത്യയെ പിന്തുണക്കുന്നത്. കൂടുതൽ സഹായങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും അതിനെക്കുറിച്ച് ഇന്ത്യൻ അധികാരികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 200 വെന്റിലേറ്ററുകൾ, 95 ഓക്സിജൻ കോൺസെൻട്രേറ്റുകളുടെയും ആദ്യഷിപ്മെന്റ് ചൊവ്വാഴ്ച ദില്ലിയിൽ എത്തിയിരുന്നു. ഇതിനകം തന്നെ ആശുപത്രികളിൽ വിതരണം ചെയ്തു തുടങ്ങി. ഇന്ത്യയ്ക്ക് സഹായമെത്തിച്ച ആദ്യരാജ്യം ബ്രിട്ടനാണ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. 

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കണമെന്ന് ചാൾസ് രാജകുമാരൻ അഭ്യർത്ഥിച്ചു. കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ സഹായിച്ചത് പോലെ ഇപ്പോൾ നമ്മുളും അവരെ സഹായിക്കേണ്ടതാവശ്യമാണ്. ചാൾസ് രാജകുമാരൻ പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരം​ഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണക്കുന്നതിനായി 10 മില്യൺ ഡോളർ നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അധിക മെഡിക്കൽ‌ സഹായങ്ങൾ നൽകുന്നത് ഉൾപ്പെടെ എന്തൊക്കെ രീതിയിൽ ഇന്ത്യയെ സഹായിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി മന്ത്രി മാർക്ക് ​ഗാർനിയോ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ നേരിടുന്ന വിനാശകരമായ കൊവിഡ് സാഹചര്യത്തിൽ പിന്തുണ അറിയിച്ച് ന്യൂസിലന്റ് വിദേശ കാര്യമന്ത്രി നാനയ മഹുത പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജീവൻ രക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഇന്ത്യയുടെ മുൻ‌നിര ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും മഹുത പറഞ്ഞു. ഇന്ത്യയെ സഹായിക്കാനായി ഒരു ദശലക്ഷം ന്യൂസിലൻഡ് ഡോളർ (719,000 ഡോളർ) റെഡ് ക്രോസിന് സംഭാവന ചെയ്യുമെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി മഹുതയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.


 

click me!