'പാകിസ്ഥാനിലേക്ക് പോകൂ' പരാമര്‍ശം; മീററ്റ് എസ്‍പിയ്ക്ക് ഡിജിപിയുടെ ശാസന മാത്രം

By Web TeamFirst Published Dec 30, 2019, 11:04 AM IST
Highlights

പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാനാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്‍പിക്ക് ഉത്തർപ്രദേശ് ഡിജിപിയുടെ ശാസന. 

ദില്ലി: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാനാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്‍പിക്ക് ഉത്തർപ്രദേശ് ഡിജിപിയുടെ ശാസന. ഡിജിപി ഒപി സിംഗ് ആണ് മീററ്റ് എസ്‍പി അഖിലേഷ് നാരായന്‍ സിംഗിനെ ശാസിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എസ്‍പിയോട് ഇത്തരംസന്ദര്‍ഭങ്ങളില്‍ കൂടുതല്‍ വിവാദങ്ങളുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതായും ഡിജിപി വ്യക്തമാക്കി. എന്നാല്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയടക്കം ഇടപെട്ടിട്ടും വിഷയത്തില്‍ എസ്‍പിക്ക് ശാസനമാത്രമെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഡിസംബര്‍ 20 നാണ് കാൺപൂരിലെ പ്രക്ഷോഭകാരികളോട് പാകിസ്ഥാനിലേക്ക് പോകാൻ എസ്‍പി ഭീഷണിപ്പെടുത്തിയത്. ഇതിന്‍റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നു. തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എസ്പിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. മീററ്റ് എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്നും എസ്‍പിക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ് വി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് എസ്‍പിയെ  ഡിജിപി വിളിച്ചുവരുത്തി ശാസിച്ചത്. 

"

മീററ്റ് ജില്ലയിലെ ക്രമസമാധാനപാലനത്തിനുള്ള പൊലീസ് സംവിധാനത്തിൽ രണ്ടാമനാണ് അഖിലേഷ് നാരായൺ സിംഗ്. കയ്യിൽ റയട്ട് പൊലീസിന്‍റെ ലാത്തിയുമായാണ് എസ്‍പി പൗരൻമാരെ ഭീഷണിപ്പെടുത്തുന്നത്. വൻ പൊലീസ് സംഘത്തിനൊപ്പമെത്തിയായിരുന്നു എസ്‍പിയുടെ ഭീഷണി.  ''നിങ്ങളോട് പറയുകയാണ് ഞാൻ, ഓർത്തോ, അവരോടും പറഞ്ഞോ, ഇങ്ങനെ ഇവിടെ നിൽക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്ക്കോ. നിങ്ങളുടെ ഭാവി സെക്കന്‍റുകൾക്കുള്ളിൽ ഇരുളിലാക്കാൻ ഞങ്ങൾക്ക് കഴിയും. കയ്യിൽ കറുപ്പോ, മഞ്ഞയോ ബാൻഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയിൽ ജീവിക്കണ്ടേ? വേണ്ടെങ്കിൽ പോ പാകിസ്ഥാനിലേക്ക്. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്‍ത്തിപ്പാടാൻ ഉദ്ദേശിച്ചാൽ അത് നടപ്പില്ല. എന്നായിരുന്നു എസ്പിയുടെ ഭീഷണി. വീ‍ഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് എസ്‍പിക്കെതിരെ രംഗത്തെത്തിയത്.

click me!