സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പെഴുതി നല്‍കിയിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് എംഎല്‍എ; രേഖകളില്ലെന്ന് ബിജെപി സര്‍ക്കാര്‍

By Web TeamFirst Published Jul 23, 2019, 9:11 AM IST
Highlights

ആന്‍ഡമാനിലെ പോര്‍ട്ടബ്ലയര്‍ ജയിലില്‍നിന്ന് മോചനത്തിനായി സവര്‍ക്കര്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് കത്തെഴുതി എന്നതില്‍ വസ്തുതയുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ നിയമസഭയില്‍ ചോദ്യമുന്നയിച്ചത്.

പനജി: വി ഡി സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍വച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കിയതിന് രേഖകളില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു. ഗോവ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ അത്തരമൊരു രേഖ സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എ അലെക്സിയോ റെജിനാള്‍ഡോയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആന്‍ഡമാനിലെ പോര്‍ട്ടബ്ലയര്‍ ജയിലില്‍നിന്ന് മോചനത്തിനായി സവര്‍ക്കര്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് കത്തെഴുതി എന്നതില്‍ വസ്തുതയുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ നിയമസഭയില്‍ ചോദ്യമുന്നയിച്ചത്.

പത്താം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ചിത്രം നീക്കം ചെയ്തോ എന്നും എംഎല്‍എ ചോദിച്ചു. എന്നാല്‍, ചരിത്ര പുസ്തകത്തില്‍നിന്ന് നെഹ്റുവിന്‍റെ ചിത്രം നീക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഗോവയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സവര്‍ക്കര്‍ക്കുള്ള പങ്കും ചോദ്യമായി ഉന്നയിച്ചു.

പത്താം ക്ലാസിലെ ഹിസ്റ്ററി ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഗോവന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍  സവര്‍ക്കര്‍ക്കുള്ള പങ്ക് ഉള്‍പ്പെടുത്തിയതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ചോദ്യമുന്നയിച്ചത്. അതേസമയം, പാഠപുസ്തകത്തില്‍ ഗോവന്‍ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കറിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

click me!