ഗോവയിൽ ബിജെപിയിലെത്തിയ കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിപദവി, പുനഃസംഘടന ഉടൻ

By Web TeamFirst Published Jul 11, 2019, 10:29 PM IST
Highlights

നാടകീയമായാണ് ഗോവയിൽ മൂന്നിൽ രണ്ട് എംഎൽഎമാരും (15-ൽ 10 പേരും) ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. കൂറുമാറ്റ നിരോധന നിയമം തെറ്റിക്കാതിരുന്നതിനാൽ ഇവർ കളം മാറിയത് ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ അംഗീകരിക്കുകയും ചെയ്തു. 

പനാജി: കോൺഗ്രസിൽ നിന്ന് രാജി വച്ച് ഒരു ദിവസത്തിനകം, ബിജെപി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച് ഗോവയിലെ എംഎൽഎമാർ. ഇവരെ ഉൾപ്പെടുത്തി ദിവസങ്ങൾക്കകം ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കർണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരവെയാണ്, നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസിലെ മൂന്നിൽ രണ്ട് എംഎൽഎമാരും (15-ൽ പത്ത് പേരും) പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേരുകയാണെന്ന് സ്പീക്കർക്ക് കത്ത് നൽകിയത്.

ഒരു പാർട്ടിയെ മൂന്നിൽ രണ്ട് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വച്ചാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. അതല്ലെങ്കിൽ രാജി നിർബന്ധപൂ‍ർവമാണെന്ന് സ്പീക്കർക്ക് ബോധ്യപ്പെടണം. ഇതോടെ, രാജിക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോൺഗ്രസിന് മുന്നിൽ വാതിലുകളടഞ്ഞു.

എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തോടെ, 40 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 27 ആയി. 17 അംഗങ്ങളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ കിട്ടിയ കോൺഗ്രസിനാകട്ടെ, ഇപ്പോൾ അംഗബലം വെറും 5 മാത്രം. രണ്ട് കോൺഗ്രസ് അംഗങ്ങൾ നേരത്തേ ബിജെപിയിലെത്തിയിരുന്നു. 

എങ്കിലും, എംഎൽഎമാരുടെ കൂറുമാറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഗോവ മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫ്രാൻസിസ്കോ സർഡിഞ്ഞ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ''ബിജെപി നടത്തുന്നത് കുതിരക്കച്ചവടമല്ല, ആനക്കച്ചവടമാണ്'', സർഡിഞ്ഞ പറഞ്ഞു. എംഎൽഎമാരുടെ രാജിക്കെതിരെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ആനന്ദ് ശർമയുമടക്കമുള്ള നേതാക്കൾ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ''ജനാധിപത്യം സംരക്ഷിക്കുക'' എന്ന ബോർഡും പിടിച്ച് പ്രതിഷേധിച്ചു. ആനന്ദ് ശർമ രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. 

ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി എ ചെല്ലകുമാർ ഈ നാടകീയ സംഭവങ്ങൾക്കെല്ലാം ശേഷം, പ്രശ്നങ്ങളെന്താണെന്ന് പഠിക്കാൻ പനാജിയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചംഗങ്ങളുമായി ചർച്ച ചെയ്ത് തുടർ നീക്കങ്ങളെങ്ങനെയാകണമെന്ന കാര്യങ്ങൾ ചെല്ലകുമാർ തീരുമാനിക്കും. 

click me!