ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ

Published : Dec 16, 2025, 07:52 PM ISTUpdated : Dec 16, 2025, 08:03 PM IST
Former Devaswom Secretary Jayashree

Synopsis

ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളയില്‍ സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം

ദില്ലി: ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളയില്‍ സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇവ‍ർ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ എ കാർത്തിക്കാണ് ജയശ്രീക്കായി ഹർജി സമർപ്പിച്ചത്. ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ  ഹൈക്കോടതി തള്ളിയത്.

അതിനിയില്‍ ശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിനു രേഖകളുണ്ടോ എന്ന നിര്‍ണായക ചോദ്യമുയര്‍ത്തിയിരിക്കുകയാണ് ഹൈക്കോടതി. സ്വര്‍ണക്കൊളളയില്‍ ജയിലില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കട്ടിളപ്പാളികള്‍ ചെമ്പ് പൊതിഞ്ഞതെന്നാണ് ജാമ്യ ഹര്‍ജിയില്‍ വാസു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശബരിമലയിലെ വിവാദ കട്ടിളപ്പാളിയില്‍ സ്വര്‍ണം പൊതിഞ്ഞതിന് എന്ത് രേഖയുണ്ടെന്നാണ് ജസ്റ്റിസ് എ.ബദറുദ്ദീന്‍ ഇന്ന് സര്‍ക്കാരിനോടും പ്രത്യേക അന്വേഷണ സംഘത്തോടും ചോദിച്ചത്.

ദേവസ്വം ബോര്‍ഡിന്‍റെ പക്കലോ ശബരിമല സന്നിധാനത്തോ ഇക്കാര്യം വ്യക്തമാക്കുന്ന എന്തെങ്കിലും രേഖകളുണ്ടോ? സന്നിധാനത്തെ ഒരു മൊട്ടുസൂചിക്കു പോലും കൃത്യമായ രജിസ്റ്റര്‍ ഉണ്ടാകേണ്ടതല്ലേ? ഇങ്ങനെ പോയി കോടതിയുടെ ചോദ്യങ്ങള്‍. കട്ടിളപ്പാളികള്‍ ചെമ്പാണെന്നും സ്വര്‍ണം പൊതിഞ്ഞതിന് രേഖകളോ തെളിവുകളോ ഇല്ലെന്നുമുളള വാസുവിന്‍റെ വാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ഇക്കാര്യത്തില്‍ വ്യക്തത തേടിയത്. കട്ടിളപ്പാളി സ്വര്‍ണമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെങ്കില്‍ വാസുവിനെതിരെ കുറ്റം ചുമത്താന്‍ കഴിയുന്നതെങ്ങനെയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. സ്വര്‍ണ മോഷണത്തിന് മുന്‍കൈയെടുത്തത് വാസുവാണെന്നും അന്വേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച മൊഴികളില്‍ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വാസുവിന്‍റെയും മറ്റൊരു പ്രതി മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷകള്‍ കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസം; ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണം, ഉത്തരവുമായി സുപ്രീം കോടതി
മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു