മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍; അവശ്യ സര്‍വ്വീസുകളൊഴിച്ച് മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചു

By Web TeamFirst Published Mar 17, 2020, 5:25 PM IST
Highlights

നേരത്തെ കൊവിഡ് ബാധിച്ച്  കലബുറഗിയിലും ദില്ലിയിലുമായി രണ്ട് പേര്‍ മരിച്ചിരുന്നു. കലബുറഗിയില്‍ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന 76-കാരനാണ് മരിച്ചത്. 

മുംബൈ: കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അവശ്യ സര്‍വ്വീസുകളൊഴിച്ച് മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടെ അടച്ചിരിക്കുകയാണ്. വൈറസ് ബാധിച്ച് മഹാരാഷ്ട്രയില്‍ അറുപത്തിനാലുകാരന്‍ മരിച്ചതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
കസ്തൂർബാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വൃദ്ധനാണ് ഇന്ന് മരിച്ചത്. ദുബായിൽ നിന്നും ഈ മാസം ആദ്യം  വന്നയാളാണ് ഇയാള്‍.  

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഒരാളായ ഇദ്ദേഹത്തിന്‍റെ നില കടുത്ത രക്തസമ്മ‍ദ്ദവും പ്രമേഹവും കാരണം ഗുരുതരമായി തുടരുകയായിരുന്നു. നേരത്തെ കൊവിഡ് ബാധിച്ച്  കലബുറഗിയിലും ദില്ലിയിലുമായി രണ്ട് പേര്‍ മരിച്ചിരുന്നു. കലബുറഗിയില്‍ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന 76-കാരനാണ് മരിച്ചത്. സൗദിയിൽ ഉംറ ചടങ്ങിനായി പോയി തിരിച്ചെത്തിയ വ്യക്തിയായിരുന്നു ഇയാള്‍. ഇയാളെ ചികിത്സിച്ച ഡോക്ടര്‍ക്കടക്കം ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലാണ് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. ജനക്പുരി സ്വദേശിയായ 69 വയസ്സുകാരി  റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച് ചികിത്സയിലുള്ളത് മഹാരാഷ്ട്രയിലാണ്. ആകെ 40 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് തടയാനാണ് നടപടിയെന്ന് മഹാരാഷ്ട്ര സർക്കാർ നല്‍കുന്ന വിശദീകരണം. രോഗബാധ വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 
 

click me!