
കാർഗിൽ: പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്‍റെ ഭാഗമാക്കുന്നതിനെതിരെ കാർഗിൽ നിവാസികളുടെ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. കാർഗിൽ ആക്ഷൻ കൗൺസിലുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തും. മലയോരമേഖലകൾക്ക് നല്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ നിലനിർത്തും എന്ന വാഗ്ദാനമാണ് സർക്കാർ നൽകുന്നത്.
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ യുദ്ധത്തിന് സാക്ഷ്യം വഹിച്ച ഇടമാണ് കാർഗിൽ. ദ്രാസും കാർഗിലും ഉൾപ്പെട്ട ജില്ല ലഡാക്കിനോട് ചേർക്കുന്നതിനെതിരെയുണ്ടായ ഒരാഴ്ച നീണ്ട പ്രതിഷേധങ്ങൾക്ക് ഇപ്പോൾ ശമനമുണ്ട്. സ്കൂളുകൾ തുറന്നുവെങ്കിലും ഇന്‍റർനെറ്റ് പുനസ്ഥാപിച്ചിട്ടില്ല. എന്നാൽ ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രണം നീക്കി.
പുറത്തുനിന്നുള്ളവർ ജോലിയും ഭൂമിയും കൈക്കലാക്കും എന്നാണ് ജനങ്ങളുടെ ആശങ്ക. ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. ഇതിനു നേതൃത്വം നല്‍കുന്നത് അൻജുമൻ ഇ ജമാഅത്ത് ഉലമയും. ഉലമയുടെ ആസ്ഥാനമാണ് സമര കേന്ദ്രം.
ഒന്നരലക്ഷം കാർഗിൽ നിവാസികളിൽ 90 ശതമാനം മുസ്ലിം വിഭാഗം നിന്നുള്ളവരാണ്. ഇതിൽ 90 ശതമാനം ഷിയകൾ. ഇന്ത്യയോട് ചേർന്ന് നിൽക്കണം എന്ന നിലപാടാണ് ഷിയകൾക്കുള്ളത്. ലഡാക്കുമായി ചേരാൻ ചില ഉപാധികൾ വച്ചതായി ആക്ഷൻ കൗൺസിൽ നേതൃത്വം വ്യക്തമാക്കി.
ഇതോടെയാണ് ചീഫ് സെക്രട്ടറിയും ചർച്ചയ്ക്ക് തയ്യാറായത്. കശ്മീർ താഴ്വരയിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ സമരനേതാക്കളെ തടങ്കലിൽ ആക്കിയിട്ടില്ല. ഡാർജിലിംഗിനു സമാനമായ ചില അവകാശങ്ങൾ പരമ്പരാഗത താമസക്കാർക്ക് നൽകുക എന്ന നിർദ്ദേശമാണ് കേന്ദ്രം ഇപ്പോൾ പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam