'അല്‍ഖ്വയ്ദ ഭീഷണി മറുപടിപോലും അര്‍ഹിക്കുന്നില്ല'; സവാഹിരിക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jul 11, 2019, 7:06 PM IST
Highlights

ഭീഷണി നേരിടാനും ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കാനും സുരക്ഷയൊരുക്കാനും നമ്മുടെ സൈന്യം ശക്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് പറഞ്ഞു

ദില്ലി: ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കുമെന്ന അല്‍ ഖ്വയ്ദ തലവന്‍ അല്‍ സവാഹിരിയുടെ ഭീഷണിയെ മുഖവിലക്കെടുക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 'അവര്‍ ഒരുപാട് കാര്യം പറഞ്ഞു. നമ്മള്‍ അതിന് മറുപടി നല്‍കേണ്ട കാര്യമില്ല'. കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. അല്‍ഖ്വയ്ദ ഭീഷണി ഗൗരവമായി കാണുന്നില്ല. ഭീഷണി നേരിടാനും ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കാനും സുരക്ഷയൊരുക്കാനും നമ്മുടെ സൈന്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി വീഡിയോയിലൂടെ രംഗത്തെത്തിയത്. കശ്മീരിനെ മറക്കരുതെന്നും ഇന്ത്യന്‍ ആര്‍മിക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും സവാഹിരി വീഡിയോയില്‍ പറഞ്ഞു. കശ്മീരിലെ ഭീകരവാദം വളര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍റെ പങ്കും അദ്ദേഹം വിവരിച്ചു.

ഇന്ത്യന്‍ ആര്‍മിക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി മുജാഹിദ്ദീനുകള്‍ നല്‍കണം. സൈന്യത്തിനെതിരെയും സര്‍ക്കാറിനെതിരെയും പ്രവര്‍ത്തിച്ച് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ തകര്‍ക്കുന്നതിലും ആള്‍നാശം വരുത്തുന്നതിലുമായിരിക്കണം മുജാഹിദ്ദീനുകള്‍ ശ്രദ്ധിക്കേണ്ടതെന്നും സവാഹിരി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 

click me!