വില കയറുമെന്ന് ഭയം; ഉള്ളി ഇറക്കുമതി നിയന്ത്രണങ്ങളിലെ ഇളവ് നീട്ടി കേന്ദ്രം

By Web TeamFirst Published Dec 18, 2020, 12:49 PM IST
Highlights

രാജ്യത്ത് ഉള്ളി വിളവെടുപ്പ് തുടങ്ങിയാല്‍ വില കുറയുമെന്നും കയറ്റുമതി അവസാനിപ്പിക്കാമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
 

ദില്ലി: ഉള്ളി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി ജനുവരി 31വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി നിയന്ത്രിച്ചാല്‍ വില വര്‍ധിക്കുമെന്ന കാരണത്തെ തുടര്‍ന്നാണ് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി നീട്ടിയത്. ഉള്ളിക്ക് വലിയ രീതിയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 21നാണ് ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇറക്കുമതി നിയന്ത്രിച്ചാല്‍ വില ഇനിയും വര്‍ധിക്കുമെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് കാര്‍ഷിക മന്ത്രാലയം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ചില വ്യവസ്ഥകളോടെ മാത്രമേ നിയന്ത്രണങ്ങളിലെ ഇളവ് തുടരൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അണുനശീകരണം നടത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ അണുനശീകരണം നടത്തും. അധികൃതര്‍ പരിശോധിച്ച് ഗുണനിലവാരവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ചരക്ക് വിട്ടുകൊടുക്കുക. 

രാജ്യത്ത് ഉള്ളി വിളവെടുപ്പ് തുടങ്ങിയാല്‍ വില കുറയുമെന്നും കയറ്റുമതി അവസാനിപ്പിക്കാമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 150 പിന്നിട്ട് കുതിച്ച ഉള്ളിവില ഇറക്കുമതിയോടെയാണ് 50ന് താഴെയെത്തിയത്. ദില്ലിയില്‍ കിലോക്ക് 40 രൂപയാണ് വില. അതേസമയം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ തകര്‍ത്തുപെയ്ത മഴ ഉള്ളി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. 
 

click me!