കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഞങ്ങളെ അനുവദിച്ചെങ്കില്‍ ഇന്ത്യന്‍ നേതാക്കളെയും അനുവദിക്കണം: യൂറോപ്യന്‍ യൂണിയന്‍ എംപി

By Web TeamFirst Published Oct 30, 2019, 1:22 PM IST
Highlights

കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍ കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കി. 370ാം വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നടപടികളെ പിന്തുണക്കുന്നതായും സംഘം വ്യക്തമാക്കി.

ദില്ലി: കശ്മീരില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപി നിക്കോളാസ് ഫെസ്റ്റ്. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമാണ് നിക്കോളാസ് ഫെസ്റ്റ് പ്രതികരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ എംപിമാരെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെയും കശ്മീര്‍ സന്ദര്‍ശനത്തിന് അനുവദിക്കണം. അവിടെ(കശ്മീരില്‍) എന്തൊക്കെയോ അസന്തുലിതാവസ്ഥയുണ്ട്. ഗവണ്‍മെന്‍റ് പ്രശ്നങ്ങളെ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

അതേസമയം, കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍ കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കി. 370ാം വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നടപടികളെ പിന്തുണക്കുന്നതായും സംഘം അറിയിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനം അവസാനിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഘം. 

Nicolaus Fest, European Union MP, in Srinagar on his visit to Jammu & Kashmir: I think if you let in European Union parliamentarians, you should also let in opposition politicians from India. So there is some kind of disbalance, the government should somehow address it. pic.twitter.com/PJZ6Vjs8sv

— ANI (@ANI)

ജര്‍മനിയിലെ തീവ്രവലതു സംഘടനയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി'യുടെ അംഗമാണ് നിക്കോളാസ് ഫെസ്റ്റ്. വംശീയ പരാമര്‍ശങ്ങളിലൂടെ നിരവധി തവണയാണ് നിക്കോളാസ് ഫെസ്റ്റ് വാര്‍ത്തകളില്‍ ഇടം നേടിയത്. കുടിയേറ്റ വിരുദ്ധതയുടെ വക്താവുമായിരുന്നു നിക്കോളാസ് ഫെസ്റ്റ്. ജര്‍മനിയിലെ മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് എഎഫ്‍ജി. 2017ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടമാണ് ഇവര്‍ കാഴ്ചവെച്ചത്. 

കശ്മീര്‍ സന്ദര്‍ശിച്ച 28ല്‍ 22 പേരും വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വക്താക്കളാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ആറുപേര്‍ ഫ്രാന്‍സില്‍ നിന്നുള്ള വലതുപക്ഷ പാര്‍ട്ടിയിലെ (National Rally -France) അംഗങ്ങളാണ്. അഞ്ചുപേര്‍ പോളണ്ടിലെ വലതുപക്ഷ പാര്‍ട്ടിയില്‍നിന്നും ശേഷിക്കുന്നവര്‍ ജര്‍മ്മനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളുമാണ്. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സമീപനത്തിന്‍റെ പേരിലും മുസ്‍ലിം വിരുദ്ധ നിലപാടുകളുടെ പേരിലും വിമര്‍ശനങ്ങളേറ്റു വാങ്ങുന്ന പാര്‍ട്ടികളാണ് ഇതില്‍ പലതും. 
ജമ്മു- കശ്മീരിലെ സാഹചര്യവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്ണില്‍ നടന്ന യു എസ് കോണ്‍ഗ്രസില്‍ ചില പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. 

click me!