
വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് മുത്തശ്ശനെയും മുത്തശ്ശിയെയും ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റിൽ. പില്ലൂർ സ്വദേശി അരുൾ ശക്തിയാണ് പിടിയിലായത്. വൈകിട്ട് അച്ഛന്‍റെ മാതാപിതാക്കളുടെ വീട്ടിലെത്തിയ ഇയാൾ ഇവർക്ക് വിഷം കലർത്തിയ പാനീയം നൽകുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും വൈകുന്നേരത്തോടെ മരിച്ചു.
മദ്യ ലഹരിയിൽ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അരുൾശക്തി മാതാപിതാക്കളേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം ഫോൺ ലൊക്കേഷൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കളുവു അറുമുഖനും ഭാര്യ മണി കളവുമാണ് കൊല്ലപ്പെട്ടത്. പില്ലൂരിലെ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അരുള്‍ ശക്തി പതിവായി ഇവരെ കാണാനെത്താറുണ്ടായിരുന്നു.
മദ്യപിച്ച ശേഷമായിരുന്നു അരുള്‍ ശക്തി 16ാം തിയതി ഇവരുടെ അടുത്ത് എത്തിയത്. വീട് അരുള്‍ ശക്തിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത് വൃദ്ധ ദമ്പതികള്‍ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ വൃദ്ധ ദമ്പതികള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയത്. വിഷം കഴിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികള്‍ മരിച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കാദംബലിയൂരില്‍ താമസിക്കുന്ന പിതാവിനെ വിളിച്ച് ഇവരെ കൊന്നുവെന്ന വിവരം അരുള്‍ ശക്തി അറിയിക്കുകയായിരുന്നു. യുവാവിന്‍റെ പിതാവ് ഇത് കേട്ട് ഭയന്ന് അയല്‍ക്കാരെ വിളിച്ച് വൃദ്ധ ദമ്പതികളേക്കുറിച്ച് തിരക്കുകയായിരുന്നു. വീട്ടിലെത്തിയ അയല്‍വാസിയാണ് ദമ്പതികള്‍അവശനിലയിലായി കിടക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam