
ദില്ലി: വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ദില്ലി. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്. മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 ആണ് ഇന്ന് മുതൽ നടപ്പിലാക്കുന്നത്.
10, 12 ക്ലാസുകൾ ഒഴികെയുള്ളവർക്ക് ക്ലാസുകൾ ഓൺലൈൻ ആക്കി. 9, 11 ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് വരെ ഇത് തുടരും. അവശ്യസേവനങ്ങൾക്ക് അല്ലാതെ എത്തുന്ന ട്രക്കുകൾക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷനുകൾ അവതരിപ്പിച്ചേക്കാമെന്ന് പാനൽ പറഞ്ഞു.
കാഴ്ചപരിധി കുറഞ്ഞതിനാൽ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളും വൈകുകയാണ്. വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് കടുത്ത നടപടിയുമായി ദില്ലി രംഗത്തെത്തിയത്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകിയിരുന്നു. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻസിആർ) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികൾക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനം ബാധകമല്ല.
പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി. ഡീസൽ ജനറേറ്റർ സെറ്റുകൾ അടിയന്തര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തും. കഴിഞ്ഞ രണ്ട് ദിവസമായി, ഈ സീസണിൽ ദില്ലിയിൽ വായു ഗുണനിലവാര സൂചിക (AQI )400-ന് മുകളിലെത്തി. ആളുകൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ ശാരീരികമായി മാത്രമല്ല, മാനസികാവസ്ഥയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കിൽ, N95 മാസ്ക് ധരിക്കണമെന്നും വിദഗ്ധർ നിർദേശിച്ചു.
ദീപാവലി ആഘോഷത്തിന് പിന്നാലെ 'വളരെ മോശം' അവസ്ഥയിൽ ദില്ലിയിലെ വായുമലിനീകരണം: നിയന്ത്രണം, നടപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam