ആഹാരം പോലുമില്ല, ഹിമാചലിൽ മലയാളികൾ അടക്കമുള്ള ബൈക്ക് യാത്രാ സംഘം കുടുങ്ങി

By Web TeamFirst Published Aug 19, 2019, 5:58 PM IST
Highlights

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം സിസുവില്‍ അരക്കിലോമീറ്ററോളം റോഡാണ് ഒലിച്ചുപോയത്.ഒലിച്ചുപോയ അരക്കിലോമീറ്ററോളം റോഡ് ഗതാഗതയോഗ്യമാക്കിയാലേ ഇവർക്ക് ഷിംലയിലെത്താനാകൂ. 

ഷിംല: ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു. ലേയില്‍ നിന്ന് തിരിച്ചുവരുന്നവരാണ് റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നത്. രണ്ടുദിവസമായി ആഹാരമില്ലാത്ത അവസ്ഥയിലാണ് . ഇന്‍റര്‍നെറ്റ് സംവിധാനവും ലഭ്യമാകുന്നില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ തുടരുന്ന ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍ മൂലം ദേശീയപാതയിലെ അടക്കം ഗതാഗതം തടസപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും മൂലം സിസുവില്‍ അരക്കിലോമീറ്ററോളം റോഡാണ് ഒലിച്ചുപോയത്. ഇതാണ് യാത്രാസംഘത്തിന് വിനയായത്. തകര്‍ന്ന റോഡുകള്‍ ബോർഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ്. ഒലിച്ചുപോയ അരക്കിലോമീറ്ററോളം റോഡ് താൽക്കാലികമായി പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ഷിംലയിലേക്ക് തിരിച്ചെത്താന്‍ കഴിയു. 

ചെറിയ പട്ടണമായതിനാല്‍ വലിയ കടകളൊന്നുമില്ലെന്നും ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം അവിടില്ലെന്നും കുടങ്ങിക്കിടക്കുന്ന തലശ്ശേരി സ്വദേശിയായ രവീഷ് പറഞ്ഞു. നിരവധി സ്ഥലത്ത് ആളുകള്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവര്‍ക്ക് സഹായം എത്തിക്കാന്‍ ഹിമാചല്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. തലശ്ശേരി സ്വദേശിയായ രവീഷ് ഇവിടെ ഹോംസ്റ്റേ നടത്തുകയാണ്. 

click me!