മിന്നല്‍ സന്ദര്‍ശനത്തിനിടെ സൂറത്തിലെ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി

By Web TeamFirst Published Jan 17, 2023, 12:08 PM IST
Highlights

സൂറത്തിലെ കാംറെജ് മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു മിന്നല്‍ പരിശോധന നടന്നത്.

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി. മിന്നൽ സന്ദ‌ശനത്തിനിടെയാണ് നടപടി. മന്ത്രി പ്രഫുൽ പൻഷെരിയാണ് വൃത്തിഹീനമായ സാഹചര്യം കണ്ടപ്പോൾ ശുചിമുറികൾ കഴുകി വൃത്തിയാക്കിയത്. സൂറത്തിലെ കാംറെജ് മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു മിന്നല്‍ പരിശോധന നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി എന്തുചെയ്യാമെന്നതിന് അധ്യാപകര്‍ക്ക് മാതൃക നല്‍കിയതെന്നാണ് നടപടിയേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. 

ട്വിറ്ററില്‍ അടക്കം ശുചിമുറി വൃത്തിയാക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്. വളരെ മോശമായ സാഹചര്യത്തിലായിരുന്നു വിദ്യാലയത്തിലെ ശുചിമുറികള്‍ ഉണ്ടായിരുന്നത്. നേരത്തെ ഇക്കാര്യത്തില്‍ മന്ത്രി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷവും അവസ്ഥയില്‍ മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് മന്ത്രി തന്നെ ശുചീകരണത്തിന് നേരിട്ടിറങ്ങിയത്. മന്ത്രിയുടെ പ്രവര്‍ത്തിക്ക് പിന്തുണയ്ക്കൊപ്പം പൊതുജന ശ്രദ്ധ നേടാനുള്ള പ്രഹസനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

शौचालय में दिखाई दी गंदगी...तो शिक्षामंत्री ने खुद की सफाई सोशल मीडिया पर Viral हुआ Video pic.twitter.com/yA9I3y5hRe

— Priya singh (@priyarajputlive)

ഡിസംബറില്‍ ഈറോഡിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളെക്കൊണ്ട് പതിവായി ശുചിമുറിയും വാട്ടർ ടാങ്കും വൃത്തിയാക്കിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂൾ ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്യുകയും പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാളെ പെരുന്തുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പ്രധാന അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധം നടത്തിയിരുന്നു.

click me!