ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; നടപടി വിരമിക്കാൻ ഒരുമാസം ശേഷിക്കെ

Published : Sep 13, 2022, 02:28 PM IST
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; നടപടി വിരമിക്കാൻ ഒരുമാസം ശേഷിക്കെ

Synopsis

വകുപ്പുതല നടപടികളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഓഗസ്റ്റ് 30 ന് സർക്കാർ ഉത്തരവിറക്കി.

ദില്ലി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഐപിഎസ് ഉദ്യോ​ഗസ്ഥനാ‌യ സതീഷ് വർമ്മയെ ആണ് പിരിച്ചുവിട്ടത്. ഈ മാസം 30ന് വിരമിക്കാൻ ഇരിക്കെയാണ് പിരിച്ചുവിടൽ. പ്രാണേഷ് പിള്ളയും ഇശ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമർപ്പിച്ച സിബിഐ അന്വേഷണം നയിച്ച ആളാണ്.

വകുപ്പുതല നടപടികളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഓഗസ്റ്റ് 30 ന് സർക്കാർ ഉത്തരവിറക്കി. രാജ്യത്തിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മാധ്യമങ്ങളോട് സംസാരിച്ചതാണ് പിരിച്ചുവിടലിന്റെ കാരണങ്ങളിലൊന്നായി പറയുന്നത്. എന്നാൽ പിരിച്ചുവിട്ടതിൽ സതീഷ് വർമ്മ പ്രതികരിച്ചില്ല. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും അഭിപ്രായം പറയാൻ വിസമ്മതിച്ചു.

തനിക്കെതിരായ നിരവധി അച്ചടക്ക നടപടികളെ ചോദ്യം ചെയ്ത വർമ്മ ദില്ലി ഹൈക്കോടതി‌യെ സമീപിച്ചിരുന്നു. സെപ്റ്റംബർ 1 മുതൽ പിരിച്ചുവിടൽ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ അപേക്ഷ സമർപ്പിച്ചു. ഒരുവർഷത്തെ നിയമപ്രശ്നങ്ങൾക്ക് ശേഷം  സെപ്തംബർ ഏഴിന് പിരിച്ചുവിടൽ ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി അനുവദിച്ചു. എന്നാൽ പിരിച്ചുവിടൽ ഉത്തരവിനെതിരായ നിയമത്തിന് അനുസൃതമായി ഹരജിക്കാരനെ പ്രതിവിധികൾ പ്രയോജനപ്പെടുത്തുന്നതിന് 19 വരെ പിരിച്ചുവിടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ വർമ്മ സുപ്രീം കോടതിയെ സമീപിച്ചു. 

ഇസ്രത് ജഹാൻ  കേസിൽ ആദ്യം ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) അംഗമായിരുന്നു.  പിന്നീട് കോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ അന്വേഷണത്തിന് നേതൃത്വം നൽകി. ഇസ്രത്ത് ജഹാൻ കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ നടത്താൻ കഴിയാതിരുന്നതിനാൽ 2011ൽ ​ഗുജറാത്ത് സംസ്ഥാന സർക്കാർ വർമയ്ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചിരുന്നു. 

മുൻ പൊലീസ് ഡയറക്ടർ ജനറൽ പിപി പാണ്ഡെ, ഡി ജി വൻസാര, ഐജിപി ജി എൽ സിംഗാൾ, റിട്ടയേർഡ് പൊലീസ് സൂപ്രണ്ട് എൻ കെ അമിൻ, മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുൺ ബരോട്ട് എന്നിവരുൾപ്പെടെയുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ വർമ്മ നിർണായക പങ്ക് വഹിച്ചു. 

19 കാരിയായ ഇസ്രത് ജഹാൻ, അവളുടെ സുഹൃത്ത് പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ്, രണ്ട് പാകിസ്ഥാൻ പൗരന്മാർ എന്നിവർ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് വർമ്മ സിബിഐയുമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എട്ട് പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞ് മിക്ക പ്രതികളെയും വിട്ടയച്ചതിനാൽ കേസ് വിചാരണ കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ബിൽക്കീസ് ബാനു ബലാത്സം​ഗക്കേസിലെ പ്രതികളെ വെറുതെവിട്ട ​ഗുജറാത്ത് സർക്കാറിന്റെ നടപടി വ്യാപക വിമർശനത്തിന് കാരണമായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?