
ഗാന്ധിനഗർ: നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സർക്കാരിലെ 16 മന്ത്രിമാർ രാജിവയ്ക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടരും. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം 16 മന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ന് രാത്രി ഗവർണർ ആചാര്യ ദേവവ്രതിന് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് പദവിയുള്ള എട്ട് പേർ ഉൾപ്പെടെ എല്ലാ മന്ത്രിമാരും രാജിവയ്ക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് മന്ത്രിസഭയാകെ ഉടച്ചുവാർക്കുന്നത്.
16 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ എണ്ണം 26 ആക്കിയേക്കും. 182 അംഗങ്ങളുള്ള നിയമസഭയിൽ 27 മന്ത്രിമാർ വരെ ആകാം, അതായത് സഭയുടെ ആകെ അംഗബലത്തിന്‍റെ 15 ശതമാനം. പരിചയസമ്പന്നർക്കൊപ്പം യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്താനാണ് തീരുമാനം.
ധർമേന്ദ്രസിൻഹ്, ഋഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിങ് ചുദാസമ എന്നിവർ മന്ത്രിമാരായി തുടർന്നേക്കാം. കനുഭായ് ദേശായി (ധനകാര്യം), രാഘവ്ജി പട്ടേൽ (കൃഷി), കൻവർജി ബവലിയ (ജലവിതരണം), മുരുഭായ് ബേര (ടൂറിസം) എന്നിവരെ ഒഴിവാക്കാനിടയുണ്ട്. മന്ത്രിസഭയിലെ ഒബിസി-പതിദാർ പ്രാതിനിധ്യം കൂടിയേക്കും. സൗരാഷ്ട്ര മേഖലയിൽ കാര്യമായ നേട്ടം പ്രതീക്ഷിച്ച് ജയേഷ് റഡാഡിയ, ശങ്കർ ചൗധരി, അർജുൻ മോദ്‌വാഡിയ, ജിതു വഗാനി, റീവ ജഡേജ, അൽപേഷ് താക്കൂർ തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനിടയുണ്ട്.