കൊവിഡ് രോഗികള്‍ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്

Published : May 27, 2020, 12:46 PM IST
കൊവിഡ് രോഗികള്‍ക്ക് പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത്

Synopsis

ആദ്യ ഘട്ടത്തില്‍ 10 ആശുപത്രികളിലാണ് മരുന്ന് പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യം പരീക്ഷിക്കുന്നത്.  

അഹമ്മദാബാദ്: കൊവിഡ് 19 രോഗികള്‍ക്ക് രോഗം ഭേദമാകുന്നതിനായി പഞ്ചഗവ്യം(പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം മിശ്രിതം) പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. കൊവിഡ് രോഗികള്‍ക്ക് പഞ്ചഗവ്യം നല്‍കുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ നടക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പഞ്ചഗവ്യം രോഗികളില്‍ പരീക്ഷിക്കുന്നത്. അഹമ്മദാബാദ് മിററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

രോഗം മാറ്റാനുള്ള പഞ്ചഗവ്യത്തിന്റെ കഴിവ് നൂറ്റാണ്ടുകളായി ഇന്ത്യക്ക് അറിയുന്നതാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ പഞ്ചഗവ്യത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്ന് കത്തിരിയ പറഞ്ഞു. ഇപ്പോള്‍ കൊവിഡ് രോഗത്തിന് മരുന്ന് കണ്ടെത്താന്‍ ശാസ്ത്രലോകം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചഗവ്യം കൊവിഡ് 19ന് ഫലപ്രദമാണോ എന്ന് പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യ ഘട്ടത്തില്‍ 10 ആശുപത്രികളിലാണ് മരുന്ന് പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യം പരീക്ഷിക്കുന്നത്. അഹമ്മദാബാദിലെയും സൂറത്തിലെയും ആശുപത്രികളില്‍ പിന്നീട് പരീക്ഷണം നടക്കും. പിന്നീട് വര്‍ധ, പുണെ, ഹൈദരാബാദ്, ജോധ്പുര്‍ ആശുപത്രികളിലും പരീക്ഷണം നടത്തും. ആദ്യമായാണ് പരമ്പരാഗത ആയുര്‍വേദ മരുന്ന് കൊവിഡ് രോഗത്തിന് പരീക്ഷിക്കുന്നതെന്ന്  ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. ഹിതേഷ് ജനി മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് പാലിലോ വെള്ളത്തിലോ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

15ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും മരുന്ന് ഫലപ്രദമാണോ എന്ന നിഗമനത്തിലെത്തുക. നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും ഡോക്ടര്‍മാര്‍ രംഗത്തെത്തി. പരീക്ഷണത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യയുടെ പുരാതന ചികിത്സാ രീതി ലോകമൊട്ടാകെ പ്രശംസിക്കപ്പെടുമെന്ന് ബിജെപി ഗുജറാത്ത് വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.
 

PREV
click me!

Recommended Stories

610 കോടി തിരിച്ച് നൽകി! ആയിരങ്ങളെ ബാധിച്ച ഇൻഡിഗോ പ്രതിസന്ധിയിൽ പരിഹാരമാകുന്നു, വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം