ടീസ്റ്റയ്ക്ക് പിന്നാലെ ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

By Web TeamFirst Published Jun 25, 2022, 7:11 PM IST
Highlights

ടീസ്റ്റ സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തു. 

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖയും വിവരങ്ങളും പ്രചരിപ്പിച്ച കേസിൽ ടീസ്റ്റ സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെയും എടിഎസ്  അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ വീട്ടിൽ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോയെന്ന് മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് അറസ്റ്റ് കാര്യം അറിയിച്ചത്. വാറണ്ട് ഇല്ലാതെയാണ് പൊലീസ് വന്നതെന്നും മകൾ ദീപ പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി. ഗുജറാത്ത്  കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ  ഹർജി.

സമാന കേസിൽ സാമൂഹിക പ്രവർത്തക  ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെന്നും അവർ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി  അവർ അവരെ പിടിച്ചുകൊണ്ടുപോയെന്നും ടീസ്റ്റയുടെ അഭിഭാഷകനും പ്രതികരിച്ചു. ഐപിസി സെക്ഷൻ 468- വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ എന്നും അദ്ദേഹം പറഞ്ഞു.

Read more: ടീസ്റ്റ സെതൽവാദിനെ മുംബൈയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടീസ്റ്റയെയും ആർബി ശ്രീകുമാറിനെയും  തേടി ഗുജറാത്ത് എടിഎസ് എത്തിയത്. 

Read more: 'ഗുജറാത്ത് കലാപത്തിന്‍റെ പേരിൽ മോദിയെ കരിവാരിത്തേക്കാൻ ഗൂഢാലോചന നടന്നു': മോദിയെ പ്രശംസിച്ച് അമിത് ഷാ

ഞാൻ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയിൽ ടീസ്റ്റ സെതൽവാദിന്റെ പേര് വ്യക്തമായി പരാമർശിക്കുന്നുണ്ട്. അവർ നടത്തുന്ന എൻജിഒ, എൻജിഒയുടെ പേര് എനിക്ക് ഓർമയില്ല,  കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകിയിരുന്നു എന്നുമായിരുന്നു അമിത് ഷാ അഭിമുഖത്തിൽ പറഞ്ഞത്.

click me!