
ദില്ലി: ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനാവില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്. താഴേതട്ടിലെ ബന്ധങ്ങൾ കോൺഗ്രസിന് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ കോൺഗ്രസിന് പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഗുലാം നബി ആസാദിന്റ പ്രതികരണം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ചയാണ് ചേരുക. മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സമിതി ചർച്ച ചെയ്യും. വോട്ടെടുപ്പിന് ഡിജിറ്റൽ ഐ ഡി നൽകുന്ന കാര്യം യോഗം ആലോചിക്കും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് മധുസൂദനൻ മിസ്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ദൗത്യം. കോൺഗ്രസ് പ്രവർത്തക സമിതി യോഗം അധ്യക്ഷനെ തീരുമാനിക്കും. ഡിജിറ്റൽ രീതിയിലാകും തെരഞ്ഞെടുപ്പ്. എല്ലാ എഐസിസി അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മിസ്ത്രി പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപിൽ സിബൽ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോൺഗ്രസെന്ന് കപിൽ സിബൽ വിമർശിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകൾ സജീവമായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam