
ദില്ലി: വനിതാ ദിനത്തില്‍ തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ട് വനിതകള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വനിതാ നേതാവ് സുസ്മിത ദേവാണ് മോദിക്കെതിരെ രംഗത്തെത്തിയത്. വനിതാ ദിനത്തില്‍ മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഉന്നാവ് പെണ്‍കുട്ടിക്ക് നല്‍കണമെന്ന് സുസ്മിത ആവശ്യപ്പെട്ടു.
ഉന്നാവ് കേസിലെ ഇരയായ പെണ്‍കുട്ടിക്ക് നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരുടെ ആക്രമണങ്ങളെ അതിജീവിച്ച പെണ്‍കുട്ടിയാണ്. അവള്‍ ധൈര്യവതിയാണ്. നിങ്ങളുടെ അക്കൗണ്ടിലൂടെ അനുഭവം പറയാന്‍ അവള്‍ക്കാണ് യോഗ്യത-സുസ്മതി ദേവ് പറഞ്ഞു. സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തിലേറിയ മോദിയുടെ മോശം പ്രതിച്ഛായ മറികടക്കാനുള്ള തന്ത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായാണ് ആദ്യം നരേന്ദ്ര മോദി പറഞ്ഞത്. പിന്നീട് വനിതാ ദിനമായ മാര്‍ച്ച് എട്ടിന് തന്‍റെ അക്കൗണ്ട് വനിതകള്‍ക്ക് നല്‍കുമെന്ന് മോദി വ്യക്തമാക്കി. ബിജെപി നേതാവായ കുല്‍ദീപ് സെന്‍ഗാര്‍ തന്നെ ബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് 17കാരിയായ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സെന്‍ഗാറിന്‍റെ വീടിന് മുന്നില്‍ സമരം തുടങ്ങി. സംഭവം വിവാദമാകുകയും സെന്‍ഗാറിനെ അറസ്റ്റിലാകുകയും ചെയ്തു.
പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. പിന്നീട് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് അമ്മായിമാര്‍ മരിച്ചു. അഭിഭാഷകനും പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam