കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിക്ക് കുരുക്ക്: ജെഫ്രി എപ്‌സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ പുറത്ത്; ആയുധമാക്കി പ്രതിപക്ഷം

Published : Oct 21, 2026, 03:38 PM IST
Jeffrey Epstein, Hardeep Singh Puri

Synopsis

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു.

ഡൽഹി: അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നത് ആയുധമാക്കി കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്ത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (മമത വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം) തുടങ്ങിയ പാർട്ടികളിലെ നേതാക്കളാണ് എപ്‌സ്റ്റീനുമൊത്തുള്ള 0സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയിൽ നിന്ന് മറുപടി ആവശ്യപ്പെട്ടത്. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് താൻ എപ്‌സ്റ്റീനെ കണ്ടതെന്ന ഹർദീപ് സിംഗ് പുരിയുടെ മുൻ നിലപാടിനെ പ്രതിപക്ഷ നേതാക്കൾ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

എപ്‌സ്റ്റീനുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ഹർദീപ് സിങ് പുരിയുടെ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ രംഗത്തുവന്നത്. ഇത്തരം ആളുകളെയാണോ മോദിക്ക് ചുറ്റും നിർത്താൻ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ച അവർ, ആർ.എസ്.എസിനും വലതുപക്ഷത്തിനും സ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കാണാനും കഴിയില്ലെന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്നും ചോദിച്ചു. പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കൂടിക്കാഴ്ചയെങ്കിൽ, ഈ ചിത്രങ്ങളിൽ കൂടെയുള്ള മറ്റു പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോ എന്ന് മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. ചിത്രങ്ങൾ ഗൗരവമുള്ളതാണെന്നും തൻ്റെ നിലപാടിൽ മന്ത്രി വ്യക്തത വരുത്തണമെന്നും എൻ.സി.പി (എസ്‌.പി) വക്താവ് അനീഷ് ഗവാണ്ടെയും ആവശ്യപ്പെട്ടു.

ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസത്തിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് താൻ ജെഫ്രി എപ്‌സ്റ്റീനെ കണ്ടതെന്ന് ഹർദീപ് സിങ് പുരി വിശദീകരിക്കുന്നു. മൂന്നോ നാലോ തവണ താൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, 2017-ൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുൻപാണിതെന്നും വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡർ സ്ഥാനം രാജിവച്ച ശേഷമാണ് ഈ കൂടിക്കാഴ്ചകൾ നടന്നതെന്ന് കേന്ദ്രമന്ത്രി പറയുന്നു. കൂടിക്കാഴ്ചകൾ പൂർണ്ണമായും ഔദ്യോഗികമായിരുന്നുവെന്നും എപ്‌സ്റ്റീനെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ മേധാവിയായിരുന്ന ടെർജെ റോഡ്-ലാർസൻ വഴിയാണ് എപ്‌സ്റ്റീനെ പരിചയപ്പെട്ടതെന്നും അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി നേതാക്കളെ കുടഞ്ഞ് ദില്ലി ഹൈക്കോടതി; 'അനുമതിയില്ലാതെ എന്തിന് ജന്തർ മന്തറിൽ പോയി? ദാസും രങ്കയും ജെൻസിയല്ല'
ലക്ഷ്യമിട്ടിരുന്നത് സൽമാൻ ഖാനെ, ടൈഗർ ഷറോഫിനു നേരെ ഉണ്ടായ വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; സുരക്ഷാവലയം കണ്ട് പിന്മാറിയെന്ന് വിവരം