'പ്രത്യേക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നു', ഹർദ്ദിക് പട്ടേലിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍

By Web TeamFirst Published Mar 28, 2019, 10:34 AM IST
Highlights

കോൺഗ്രസ് ടിക്കറ്റിൽ ഗുജറാത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ഹ‍ര്‍ദ്ദിക് പട്ടേലിന് ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകൾ തടസമാണ്

അഹമ്മദാബാദ്: വിസ്‌നഗര്‍ കലാപ കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഹര്‍ദ്ദിക് പട്ടേൽ സമര്‍പ്പിച്ച ഹര്‍ജിയെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണം എന്ന ഹര്‍ദ്ദിക്കിന്റെ ആവശ്യത്തെ എതിര്‍ത്ത സര്‍ക്കാര്‍ അദ്ദേഹത്തിന് ചില പ്രത്യക സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതിൽ താത്പര്യം ഉണ്ടായിരുന്നുവെന്നും കുറ്റപ്പെടുത്തി.

ഗുജറാത്തിൽ 2015 ൽ നടന്ന പട്ടിദാര്‍ സംവരണ പ്രക്ഷോഭ കാലത്തെ കേസിൽ 2018 ജൂലൈയിൽ ഹര്‍ദ്ദിക് പട്ടേലിനെ വിസ്‌നഗര്‍ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഹര്‍ദ്ദിക്കിനെതിരായ തെളിവുകളിൽ ഒരുപാടധികം വൈരുദ്ധ്യങ്ങളുണ്ടെന്നായിരുന്നു അഭിഭാഷകൻ ഐഎച്ച് സെയ്‌ദിന്റെ വാദം. കേസിലെ പഴുതുകള്‍ അരിച്ചുപെറുക്കി നോക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നായിരുന്നു പബ്ലിക് പ്രൊസിക്യുട്ടര്‍  മിതേഷ് അമിന്റെ വാദം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകരിൽ ഒരാളാണ് ഹര്‍ദ്ദിക് പട്ടേൽ. എന്നാൽ ഇദ്ദേഹത്തിനെതിരെ നിരവധി എഫ്ഐആറുകൾ രജിസ്റ്റ‍ര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ പബ്ലിക് പ്രൊസിക്യുട്ടര്‍, "പ്രത്യേക സമുദായങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നു," എന്നും കുറ്റപ്പെടുത്തി.

പട്ടിദാര്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കലാപത്തിന് നേതൃത്വം നൽകിയ കേസുകളിൽ രണ്ട് വര്‍ഷത്തേക്കാണ് ഹര്‍ദ്ദിക് പട്ടേലിനെ വിസ്‌നഗര്‍ കോടതി ശിക്ഷിച്ചത്. ഹര്‍ദ്ദിക് നിയമത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും, ഏത് വേദിയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചാലും സമൂഹത്തിലെ സമാധാനം തകര്‍ക്കുന്ന വിധത്തിലാണ് അദ്ദേഹം സംസാരിക്കുകയെന്നും ഇത് പിന്നീട് ക്രമസമാധാന പ്രശ്നമായി മാറുന്നുവെന്നും പബ്ലിക് പ്രൊസിക്യുട്ടര്‍ വാദിച്ചു.

എന്നാൽ വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്‍ദ്ദിക്കിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നതെന്ന വാദത്തിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ സെയ്‌ദ് ഉറച്ചുനിന്നു. ശിക്ഷ നിലനിൽക്കുകയാണെങ്കിൽ ഹര്‍ദ്ദിക്കിന് ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും, ഇത് പിന്നീട് പരിഹരിക്കാൻ സാധിക്കില്ലെന്നും സെയ്ദ് ചൂണ്ടിക്കാട്ടി. ചുരുങ്ങിയ പക്ഷം വിധി സ്റ്റേ ചെയ്യുകയെങ്കിലും വേണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

click me!