കൊവിഡ് ചുമതലയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ച് ഹരിയാന

By Web TeamFirst Published Apr 10, 2020, 1:10 PM IST
Highlights

കൊവിഡ് 19നെ നേരിടുന്നതിന്റെ ചുമതലകള്‍ വഹിക്കുന്ന ആരോഗ്യ  പ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കിയതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു.

ചണ്ഡീഗഡ്: കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ശമ്പളം വെട്ടിക്കുറയ്ക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താങ്ങാകുന്ന പ്രഖ്യാപനവുമായി ഹരിയാന. കൊവിഡ് 19നെ നേരിടുന്നതിന്റെ ചുമതലകള്‍ വഹിക്കുന്ന ആരോഗ്യ  പ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കിയതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്ന സഹായികള്‍ എന്നിവര്‍ക്കെല്ലാം ശമ്പളം ഇരട്ടിയാക്കിയിട്ടുണ്ട്. ഇന്നലെ വീഡിയോ കോണ്‍ഫന്‍സിലൂടെ ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. നേരത്തെ, കൊവിഡ് ചുമതല വഹിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധിച്ചാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനവും ഹരിയാന നടത്തിയിരുന്നു.

നിലവില്‍ 169 പേര്‍ക്കാണ് ഹരിയാനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചുട്ടുള്ളത്. മൂന്ന് പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. അതേസമയം, രാജ്യത്ത് കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ സൂചന ലഭിച്ചു.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 40 ശതമാനം പേര്‍ക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ രാജ്യം സാമൂഹികവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
 

click me!