ഹാഥ്‌റസ് പീഡനം പുനരാവിഷ്‌കരിക്കാന്‍ യുപി പൊലീസ്; പെണ്‍കുട്ടിയുടെ കുടുംബത്തെയും പങ്കെടുപ്പിക്കും

By Web TeamFirst Published Oct 9, 2020, 9:38 PM IST
Highlights

സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്ന് യുപി പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് കുടുംബത്തെ പങ്കെടുപ്പിച്ച് ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്നും പൊലീസ് വിശദീകരിച്ചു.
 

ലഖ്‌നൗ: ഹാഥ്‌റസ് പീഡനം പുനരാവിഷ്‌കരിക്കാന്‍ യുപി പൊലീസ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തത കണ്ടെത്താനാണ് സംഭവം പുനര്‍സൃഷ്ടിക്കുന്നത്. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യം ദുരീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് യുപി പൊലീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 14നാണ് ദലിത് പെണ്‍കുട്ടി വയലില്‍ വെച്ച് ക്രൂരപീഡനത്തിനിരയാകുന്നത്. സെപ്റ്റംബര്‍ 29ന് ദില്ലിയിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിക്കുകയും ചെയ്തു.

സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്ന് യുപി പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് കുടുംബത്തെ പങ്കെടുപ്പിച്ച് ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്നും പൊലീസ് വിശദീകരിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ചെരിപ്പും അരിവാളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് നാല് സാക്ഷികളുണ്ടാകാമെന്നും പൊലീസ് പറയുന്നു. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ടെങ്കിലും പരാമവധി തെളിവുകള്‍ ശേഖരിച്ച് ആവശ്യപ്പെടുമ്പോള്‍ കൈമാറാനാണ് പൊലീസ് നീക്കം.

കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിരവധി സാക്ഷികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ അലംഭാവം കാണിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിലും ഫോറന്‍സിക് പരിശോധനയിലും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വാദം. പ്രതികളിലൊരാള്‍ക്ക് പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ എതിര്‍ത്ത കുടുംബമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പ്രതികള്‍ ആരോപിച്ചിരുന്നു. എന്നാല്‍, പ്രതികളുടെ ആരോപണം പെണ്‍കുട്ടിയുടെ കുടുംബം നിഷേധിച്ചു. 

click me!