രാഷ്‌ട്രീയക്കാരെ കണ്ടാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണെന്ന്‌ തോന്നുന്നുണ്ടോ; ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ക്കെതിരെ കുമാരസ്വാമി

By Web TeamFirst Published May 20, 2019, 5:04 PM IST
Highlights

മാധ്യമങ്ങളുടെ സഹായം കൊണ്ടല്ല, കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളുടെ സഹായം കൊണ്ടാണ്‌ തന്റെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്‌. മാധ്യമങ്ങളെ തനിക്ക്‌ ഭയമില്ല.

ബംഗളൂരു: രാഷ്ട്രീയപ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ടുള്ള ടെലിവിഷന്‍  പരിപാടികള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. രാഷ്ട്രീയക്കാരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായാണോ മാധ്യമങ്ങള്‍ കാണുന്നതെന്നും കുമാരസ്വാമി ചോദിച്ചു.

ചാനലുകളിലെ രാഷ്ട്രീയആക്ഷേപഹാസ്യ പരിപാടികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കുമാരസ്വാമിയുടെ വിമര്‍ശനം. "നിങ്ങളെന്താണ്‌ രാഷ്ട്രീയക്കാരെക്കുറിച്ച്‌ വിചാരിച്ചുവച്ചിരിക്കുന്നത്‌? എളുപ്പത്തില്‍ പരിഹസിക്കാന്‍ പറ്റുന്നവരാണ്‌ ഞങ്ങളെന്നോ? എല്ലാത്തിനെയും പരിഹാസരൂപേണ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആരാണ്‌ അധികാരം തന്നത്‌? ഞങ്ങളെന്താ ഒരു പണിയുമില്ലാതെ നടക്കുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണെന്ന്‌ തോന്നുന്നുണ്ടോ?" ദൃശ്യമാധ്യമങ്ങളോട്‌ കുമാരസ്വാമി ചോദിച്ചു.

മാധ്യമങ്ങളുടെ സഹായം കൊണ്ടല്ല, കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളുടെ സഹായം കൊണ്ടാണ്‌ തന്റെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്‌. മാധ്യമങ്ങളെ തനിക്ക്‌ ഭയമില്ല. ചാനലുകളില്‍ വരുന്ന പരിപാടികള്‍ കാണാനിരുന്നാല്‍ ഒരുഗുണവുമില്ല, ഉറക്കം നഷ്ടപ്പെടുമെന്നേ ഉള്ളൂ എന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

 

click me!