
ബംഗളൂരു: ഒമിക്രോൺ (Omicron) ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ട സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാള്‍ ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിനെ കമ്പളിപ്പിച്ചാണ് ദുബൈയിലേക്ക് പോയതെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ടത് എന്നാണ് കണ്ടെത്തൽ. കൊവിഡ് ബാധിച്ച ഇയാളിൽ നിന്നും പണം വാങ്ങി കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. 4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാൾക്ക് ദുബായിലേക്ക് മടങ്ങാൻ ബംഗ്ലൂരുവിലെ സ്വകാര്യ ലാബ് വ്യാജസർട്ടിഫിക്കറ്റ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ലാബിനെതിരെ പൊലീസ് കേസെടുത്തു.
ദക്ഷിണാഫ്രിക്കൻ സ്വദേശി താമസിച്ച ബംഗ്ലൂരു ഷാംഗ്രിലാ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസും അയച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. കൊവിഡ് ബാധിതനായിട്ടും പുറത്ത് പോവാൻ അനുവദിച്ചതിലും വിശദീകരണം തേടി. കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ബംഗ്ലൂരുവിൽ കറങ്ങിയിട്ടുണ്ടെന്നും നിരവധി പേരുമായി ഇടപെട്ടിട്ടുണ്ടെന്നുമുള്ള വിവരമാണ് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.
അതേ സമയം, ബംഗ്ലൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ബംഗ്ലൂരു വിട്ട് പോയതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ അന്വേഷണം ബംഗ്ലൂരുവിന് പുറത്തേക്കും നീളുകയാണ്. ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലൂരുവില്‍ പ്രവേശിക്കാന്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊതു ഇടങ്ങളില്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം; മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ രോഗമുക്തി
അതേസമയം, ബംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന പരിപാടിയിൽ വിദേശികൾ പങ്കെടുത്തിരുന്നു. ഇവരുടെ പട്ടിക തയാറാക്കുന്നതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഡോക്ടർ വിദേശരാജ്യങ്ങളൊന്നും സന്ദർശിച്ചിരുന്നില്ല. അതിനാൽ എവിടെ നിന്നാണ് രോഗം പകർന്നതെന്ന ആശങ്ക നിലനിൽക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam