മസ്തിഷ്ക ജ്വരം നേരിടാനുള്ള യോഗത്തില്‍ ക്രിക്കറ്റ് സ്കോര്‍ തിരക്കി ആരോഗ്യ മന്ത്രി; വിവാദം

By Web TeamFirst Published Jun 17, 2019, 8:29 PM IST
Highlights

ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ 'എത്ര വിക്കറ്റുകള്‍ വീണു' എന്ന് മന്ത്രി ചോദിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്.

ദില്ലി: മസ്തിഷ്ക  ജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രിക്കറ്റ് സ്കോര്‍ അന്വേഷിച്ച ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയുടെ പെരുമാറ്റം വിവാദത്തില്‍. യോഗത്തിനിടെ മന്ത്രി ക്രിക്കറ്റ് സ്കോര്‍ തിരക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് മംഗള്‍ പാണ്ഡെയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 

മസ്തിഷ്ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലധികം കുട്ടികളാണ് ബിഹാറില്‍ മരിച്ചത്.  രോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധനും അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തിരുന്നു. ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ 'എത്ര വിക്കറ്റുകള്‍ വീണു' എന്ന് മന്ത്രി ചോദിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തുവന്നത്. കൂടെയുള്ള ഒരാള്‍ 'നാല് വിക്കറ്റുകള്‍' എന്ന് മന്ത്രിക്ക് മറുപടിയും നല്‍കുന്നുണ്ട്.

മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോഗ്യ മന്ത്രിയുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

Bihar Health Minister Mangal Pandey asks for latest cricket score during State Health Department meeting over Muzaffarpur Acute Encephalitis Syndrome (AES) deaths. (16.6.19) pic.twitter.com/EVenx5CB6G

— ANI (@ANI)
click me!