
ഹേഗ്: കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയൻ നാവികരുടെ വിചാരണ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയിൽ തുടങ്ങി. നാവികരായ സാൽവത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവർക്കെതിരായ എല്ലാ ക്രിമിനൽ കുറ്റങ്ങളും റദ്ദാക്കാൻ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന ഇറ്റലിയുടെ ഹർജിയിലാണ് വിചാരണ നടക്കുന്നത്. 2012-ൽ ആയിരുന്നു സംഭവം.
സംഭവം നടക്കുമ്പോൾ ഇറ്റാലിയൻ സർക്കാരിനുവേണ്ടിയാണ് നാവികർ ജോലി ചെയ്തതെന്നും അതിനാൽ വിചാരണ റോമിൽ നടത്തണമെന്നും ഇറ്റലിക്കുവേണ്ടി ഹാജരായ ഫ്രാൻസെസ്കോ അസാരെല്ലോ ആവശ്യപ്പെട്ടു. വിചാരണ ഇന്ത്യ നീട്ടിക്കൊണ്ടുപോകുന്നതായും ഇറ്റലി ആരോപിച്ചു. എന്നാൽ, ഇറ്റലിയുടെ വാദത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു.
ഇന്ത്യന്‍ പൗരന്‍മാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മുന്നറിയിപ്പ് നല്‍കാനാണ് വെടിയുതിര്‍ത്തത് എന്ന വാദം അവിശ്വസനീയമാണ്. നാവികര്‍ ഇന്ത്യയിലാണ് വിചാരണ നേരിടേണ്ടത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന നാവികരെ അന്തിമ വിചാരണയ്ക്ക് വിട്ടുകിട്ടണമെന്നാണ് ആവശ്യമെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ ജി ബാലസുബ്രഹ്മണ്യം കോടതിയിൽ വാദിച്ചു.
ഇവിടെ ഇന്ത്യയും ഇന്ത്യയുടെ രണ്ട് മീൻപിടിത്തക്കാരുമാണ് ഇരയായതെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു. ഇറ്റലി സഹകരിച്ചിരുന്നെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നാവികര്‍ ഇറ്റലിയില്‍ തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam