
കല്‍ക്കത്ത: ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉണ്ടാകുന്ന ക്രൂരതകള്‍ നേരിടാനായി കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നതായി കല്‍ക്കത്ത ഹൈക്കോടതി. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമമാണെങ്കിലും ഇപ്പോള്‍ അത് വ്യാജ കേസുകള്‍ ഫയല്‍ ചെയ്യാനായി ഉപയോഗിക്കപ്പെടുന്നു. സമൂഹത്തിലെ സ്ത്രീധനം സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നതിനായിരുന്നു ഈ നിയമമെന്നും ജസ്റ്റിസ് ശുഭേന്ദു സാമന്തയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ തീവ്രവാദം എന്നു വിളിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ വകുപ്പ് പ്രകാരമുള്ള ഗാര്‍ഹിക പീഡനവും ഉപദ്രവവും പരാതിക്കാരി നല്‍കുന്ന മൊഴിയെ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. പരാതിക്കാരിക്ക് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ അതിനോടൊപ്പം ശക്തമായ തെളിവുകള്‍ കൂടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഒരു യുവതി തന്റെ മുന്‍ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി 498 എ വകുപ്പ് പ്രകാരം നല്‍കിയ ക്രിമിനല്‍ കേസ് പരിഗണിക്കവെയാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് കാണിച്ച് 2017 ഒക്ടോബറിലാണ് യുവതി ആദ്യ പരാതി നല്‍കിയത്. ഈ പരാതിയില്‍ പൊലീസ് സാക്ഷികളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ ദുര്‍ബലമാണെന്നും കൃത്യമായ വിശദാംശങ്ങളില്ലെന്നും ജസ്റ്റിസ് ശുഭേന്ദു സാമന്തയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ച് കണ്ടെത്തി.
Read also: തന്‍റെ സമ്മതമില്ലാതെ കുഞ്ഞിനെ സഹോദരി മുലയൂട്ടി; യുവതിയുടെ പരാതിയില്‍ 'നട്ടംതിരിഞ്ഞ്' പോലീസ് !
ഇതിന് ശേഷം 2017 ഡിസംബറില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെ കൂടി ഉള്‍പ്പെടുത്തി പുതിയൊരു പരാതി നല്‍കി. ഇവരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ബന്ധുക്കള്‍ ഉപദ്രവിച്ചെന്നത് തെളിയിക്കാനുള്ള ഒരു തെളിവും ഇവര്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചില്ല. കല്യാണം കഴിഞ്ഞതു മുതല്‍ പരാതിക്കാരിയും ഭര്‍ത്താവും ബന്ധുക്കളില്‍ നിന്ന് അകന്ന് മറ്റൊരു അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. പരാതിയില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ യുവതിയുടെ മാത്രം കാഴ്ചപ്പാടിലുള്ളവയാണെന്നും അതിന് പിന്‍ബലമേകുന്ന തെളിവുകളോ മെഡിക്കല്‍ തെളിവുകളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരായി നിലനില്‍ തുടരുന്ന ക്രിമിനല്‍ കേസുകള്‍ വസ്തുതാപരമല്ലെന്നും വ്യക്തി വിരോധം കൊണ്ട് ഉണ്ടായതാണെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഈ നടപടികള്‍ റദ്ദാക്കുന്നതിനുള്ള ഉത്തരവ് നല്‍കുകയായിരുന്നു. ഇത്തരം നടപടികള്‍ തുടരാന്‍ അനുവദിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമായി മാറുമെന്നും ഹൈക്കോടതി വിലയിരുത്തി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...