
കൊച്ചി: നിർമ്മാണം പൂർത്തിയാക്കി ഏഴ് വർഷത്തിനുള്ളിൽ അതീവ അപകടാവസ്ഥയിലായ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി ടവറിൽ നിന്നും താമസം മാറാൻ ഏക താമസക്കാരനായ റിട്ട. കേണൽ സിബി ജോർജിന് ഹൈക്കോടതി അനുമതി നൽകി. അദ്ദേഹത്തിന് നൽകാനുള്ള കുടിശ്ശിക വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ടാഴ്ചയ്ക്കകം നൽകാൻ ജില്ലാ കളക്ടർക്ക് കോടതി കർശന നിർദ്ദേശം നൽകി.
സിബി ജോർജിന് നൽകാനുള്ള ബാക്കി മൂന്ന് മാസത്തെ വാടകയും (മാസം 35,000 രൂപ വീതം), വീട് മാറുന്നതിനുള്ള 30,000 രൂപയും ഉടൻ കൈമാറണം. കോടതി നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് കെ നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പണം ലഭിക്കാൻ കാത്തുനിൽക്കാതെ ജീവന് ഭീഷണിയായ കെട്ടിടത്തിൽ നിന്നും ഉടൻ താമസം മാറ്റണമെന്ന് കോടതി സിബി ജോർജിനോട് ആവശ്യപ്പെട്ടു.
ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച സി-ടവർ ഏഴ് വർഷം മുൻപാണ് ഉടമകൾക്ക് കൈമാറിയത്. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ കെട്ടിടം അതീവ ദുർബലമായി.കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്നും അടിയന്തരമായി ഒഴിപ്പിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു. എല്ലാ താമസക്കാർക്കും വാടക നൽകാൻ സെപ്റ്റംബറിൽ കോടതി ഉത്തരവിട്ടിരുന്നെങ്കിലും എഡബ്ല്യൂ എച്ചഒ അതിൽ വീഴ്ച വരുത്തി. കളക്ടർ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ ഇവർ തയ്യാറായിരുന്നില്ല.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറിലെ താമസക്കാരെ ഒഴിപ്പിച്ച്, കെട്ടിടം പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമ്മിച്ചു നൽകാനുള്ള ചുമതല. പുതിയ കെട്ടിടം കൈമാറുന്നത് വരെയുള്ള വാടക നൽകാനുള്ള പൂർണ്ണ ഉത്തരവാദിത്വം എഡബ്ല്യൂഎച്ച്ഓയ്ക്കാണ്. ഈ നടപടികൾ ഏകോപിപ്പിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam